അമേഠി, റായ്ബറേലി: പ്രചാരണം പ്രിയങ്ക നയിക്കും
ന്യൂഡൽഹി: രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും കിഷോരിലാൽ ശർമ മത്സരിക്കുന്ന അമേഠിയിലും കോൺഗ്രസിന്‍റെ പ്രചാരണച്ചുമതല എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്‌രയ്ക്ക്. യുപിയിൽ കോൺഗ്രസിനു നിർണായകമായ മണ്ഡലങ്ങളിൽ 20നാണ് വോട്ടെടുപ്പ്. അതുവരെയുള്ള രണ്ടാഴ്ച പ്രിയങ്ക ഇവിടെ തങ്ങുമെന്നു കോൺഗ്രസ് വൃത്തങ്ങൾ.
നാമനിർദേശ പത്രികാ സമർപ്പണത്തിന്‍റെ അവസാന ദിനം വരെയുള്ള അനിശ്ചിതത്വത്തിനുശേഷമാണ് അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. അമേഠിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്കയും മത്സരിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ട്. എന്നാൽ, 2019ൽ താൻ പരാജയപ്പെട്ട അമേഠിക്കു പകരം റായ്ബറേലിയാണു രാഹുൽ തെരഞ്ഞെടുത്തത്. അമേഠിയിൽ ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായ കിഷോരി ലാൽ ശർമയെ നിയോഗിച്ചു.
2019ൽ രാഹുൽ പരാജയപ്പെട്ട അമേഠിയിൽ പ്രചാരണരംഗത്തുൾപ്പെടെ കോൺഗ്രസ് പിന്നിലാണ്. സിറ്റിങ് എംപിയും കേന്ദ്രമന്ത്രിയുമായ ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനി പത്തു വർഷമായി മണ്ഡലത്തിലെ സ്ഥിരം സാന്നിധ്യമാണ്. ഇതിനകം മൂന്നു തവണ മണ്ഡലപര്യടനം പൂർത്തിയാക്കിയ സ്മൃതി പ്രാദേശിക തലത്തിൽ വരെ സ്വാധീനം ശക്തമാക്കിയ നേതാവാണ്. സ്ഥാനാർഥിത്വം സംബന്ധിച്ച അനിശ്ചിതത്വം നിലനിന്ന കോൺഗ്രസിന്‍റെ പ്രചാരണം ശനിയാഴ്ച മാത്രമാണു തുടങ്ങിയത്. അമേഠിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ മൂന്നിലും ബിജെപി എംഎൽഎമാരാണെന്നതും കോൺഗ്രസിന് വെല്ലുവിളിയുയർത്തുന്നു.
റായ്ബറേലിയിലും സ്ഥിതി വ്യത്യസ്തമല്ല. 2019ൽ സോണിയ ഗാന്ധിയെ 1.5 ലക്ഷത്തിലേറെ വോട്ടുകൾക്ക് വിജയിപ്പിച്ച മണ്ഡലത്തിൽ അന്നത്തെ എതിരാളിയും യുപി മന്ത്രിയുമായ ദിനേശ് പ്രതാപ് സിങ് തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. ആരോഗ്യകാരണങ്ങളാൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ അപൂർവം അവസരങ്ങളിലാണു സോണിയ മണ്ഡലത്തിലെത്തിയത്. എന്നാൽ, 2019നുശേഷവും മണ്ഡലത്തിൽ തുടർന്ന ദിനേശ് പ്രതാപ് സിങ് താഴേത്തട്ടുവരെ അടുപ്പമുള്ള നേതാവായി ഇതിനകം മാറിയിട്ടുണ്ട്. മണ്ഡലത്തിലെ അഞ്ച് അസംബ്ലി സീറ്റുകളിൽ നാലെണ്ണത്തിലും സഖ്യകക്ഷിയായ സമാജ്‌വാദി പാർട്ടിയാണു വിജയിച്ചതെന്നതാണു കോൺഗ്രസിന്‍റെ ധൈര്യം. ഇതിനൊപ്പം ഗാന്ധി കുടുംബത്തോടുള്ള മണ്ഡലത്തിന്‍റെ അടുപ്പവും കൂടി വോട്ടാകുമ്പോൾ രാഹുലിന് ജയം ഉറപ്പിക്കാമെന്നു കോൺഗ്രസ് കരുതുന്നു.
എങ്കിലും, രാജ്യവ്യാപകമായി പ്രചാരണത്തിനു നേതൃത്വം നൽകുന്ന രാഹുലിന്‍റെ അഭാവം മണ്ഡലത്തിൽ തിരിച്ചടിയാകാനുള്ള സാധ്യത കണക്കിലെടുത്താണു പ്രിയങ്കയെ നിയോഗിച്ചത്. രണ്ടു മണ്ഡലങ്ങളിലും പ്രിയങ്ക വീടുവീടാന്തരം പ്രചാരണം നടത്തും. ചെറിയ തെരുവുകളിൽ സംഘടിപ്പിക്കുന്ന യോഗങ്ങളിലും പങ്കെടുക്കും. സ്വാതന്ത്ര്യ സമര സേനാനികളുടേതുൾപ്പെടെ സമൂഹത്തിൽ സ്വാധീനമുള്ള കുടുംബങ്ങളിൽ പ്രിയങ്ക ഇതിനകം സന്ദർശനം നടത്തി.
റായ്ബറേലി ഗസ്റ്റ് ഹൗസിലായിരിക്കും 20 വരെ പ്രിയങ്കയുടെ താമസം. ഇവിടെ നിന്ന് ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങൾക്കു വരെ അവർ മേൽനോട്ടം വഹിക്കും. സമൂഹമാധ്യമ പ്രചാരണത്തിനും അവർ നേതൃത്വം നൽകും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഛത്തിസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ, രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തുടങ്ങി പ്രമുഖരെ മണ്ഡലത്തിലെത്തിക്കാനും തീരുമാനമുണ്ട്. അമേഠിയിലും റായ്ബറേലിയിലുമായി 300ഓളം ഗ്രാമങ്ങളിൽ പ്രിയങ്ക നേരിട്ടു സന്ദർശനം നടത്തും.