ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന വിദ്യാർഥികളെ അടിച്ചമർത്തുന്നു, ജനാധിപത്യം തകർന്നു; പ്രിയങ്കാ ഗാന്ധി

"ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും കാരണം യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാണ്"
priyanka gandhi slams centre neet paper leak protests
പ്രിയങ്കാ ഗാന്ധി
Updated on

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്കാ ഗാന്ധി. ഗാന്ധിജിയുടെയും രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ലക്ഷക്കണക്കിന് രക്തസാക്ഷികളുടേയും പോരാട്ടത്തിന്‍റെ അടിത്തറയിലാണ് ഇന്ത്യ നിലനിൽക്കുന്നത്. എന്നാലിന്ന് സ്വന്തം അവകാശങ്ങൾക്കും നീതിക്കുംവേണ്ടി ശബ്ദമുയർത്തുന്ന വിദ്യാർഥികളേയും യുവാക്കളെയും ക്രൂരമായി മർദിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും പ്രിയങ്ക പ്രതികരിച്ചു. സിജെപിക്ക് പിന്തുണ അർപ്പിച്ച് പ്രതിപക്ഷ എംപിമാർ നടത്തി പ്രതിഷേധ പ്രകടനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

"ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും കാരണം യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു സമരം ചെയ്യുന്ന വിദ്യാർഥികളെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ പോലും ഭയക്കുന്ന ഒരു സർക്കാരാണ് രാജ്യം ഭരിക്കുന്നത്," പ്രിയങ്ക ഗാന്ധി പറഞ്ഞു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യത്തിലെ എംപിമാർ തീസ് ജനുവരി മാർഗിലെ ഗാന്ധി സ്മൃതിയിലെത്തി. പിന്തുണയുമായി വലിയ ജനക്കൂട്ടം ഇവിടെ എത്തി. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നിന്ന് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. ഭരണഘടന കൈയിലേന്തിയാണ് രാഹുല്‍ ഗാന്ധി മാര്‍ച്ച് നടത്തിയത്. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങി ഇന്ത്യ സഖ്യത്തിന്‍റെ പ്രമുഖ എംപിമാരെല്ലാമുണ്ട്.

logo
Metro Vaartha
www.metrovaartha.com