

പ്രിയങ്ക ഗാന്ധി
file image
ന്യൂഡൽഹി: പാർലമെന്‍റിൽ നാടകം കളിക്കരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിൽ പ്രതികരിച്ച് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. സഭകളിൽ വിഷയങ്ങൾ ഉന്നയിക്കുന്നതും ചർച്ച ചെയ്യുന്നതും നാടകമല്ലെന്നും ജനാധിപത്യത്തിന്‍റെ കാതലായ ഭാഗമാണെന്നും പ്രിയങ്ക പ്രതികരിച്ചു. എസ്ഐആർ, വായുമലിനീകരണം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ പാർലമെന്‍റിൽ ഉന്നയിക്കാനാണ് ഉദേശിക്കുന്നതെന്നും വിഷയങ്ങളിൽ ജനാധിപത്യപരമായ ചർച്ച നടത്താത്തതാണ് നാടകമെന്നും പ്രിയങ്ക പറഞ്ഞു.
പല വിഷയങ്ങളും അടിയന്തരമായി പരിഗണിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് കാലം, വായു മലിനീകരണം, എസ്‍ഐആർ എന്നിവ രാജ്യത്ത് വളരെ വലിയ പ്രശ്നങ്ങളുണ്ടാക്കുന്നു. അത് ചർച്ച ചെയ്യുന്നതെങ്ങനെയാണ് നാടകമാവുന്നത്. ചർച്ചകൾ അനുവദിക്കാത്തതാണ് നാടകമെന്നും പ്രിയങ്ക പറഞ്ഞു.
തെരഞ്ഞെടുപ്പ് തോൽവിയുടെ അസ്വസ്ഥതയിൽ നിന്ന് പുറത്തു വരണമെന്നും അനാവശ്യ ബഹളമില്ലാതെ നടപടികളോട് സഹകരിക്കണമെന്നുമാണ് മോദി പ്രതിപക്ഷത്തോടായി ആവശ്യപ്പെട്ടത്. പാർലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് മോദി ഇക്കാര്യം പറഞ്ഞത്. ജനവിധി പ്രതിപക്ഷത്തിന് എതിരാണെന്നും സഭയിൽ സഹകരിച്ച് മുന്നോട്ട് പോകണമെന്നും ആവശ്യപ്പെട്ട മോദി നാടകം കളിക്കരുതെന്നും പ്രതിപക്ഷത്തോടായി പറഞ്ഞിരുന്നു.