

പാർലമെന്‍റിലെ പ്രവേശന കവാടത്തിൽ പോർച്ച് നിർമിക്കാൻ സ്പീക്കറുടെ നിർദ്ദേശം
ന്യൂഡൽഹി: മഴയും മറ്റ് കാലാവസ്ഥാ സാഹചര്യങ്ങളും മൂലം എംപിമാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി പാർലമെന്‍റ് മന്ദിരത്തിലെ പ്രവേശന കവാടത്തിൽ പോർച്ച് നിർമിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കാൻ ലോക്സഭാ സ്പീക്കർ ഓം ബിർള കേന്ദ്ര പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച് സ്പീക്കർ നിർദ്ദേശം നൽകിയത്.
പഴയ പാർലമെന്‍റ് മന്ദിരത്തിലെ വിവിധ കവാടങ്ങളിൽ, എംപിമാർ ഉപയോഗിക്കുന്ന കവാടം ഉൾപ്പെടെ പോർച്ചുകൾ നിലവിലുണ്ട്. ഇതിന് സമാനമായ സൗകര്യം പുതിയ പാർലമെന്‍റ് മന്ദിരത്തിലെ പ്രവേശന കവാടത്തിൽ നിർമിക്കുന്നതിനുള്ള സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാൻ സ്പീക്കർ ആർക്കിടെക്റ്റുമാരോടും കേന്ദ്ര പൊതുമരാമത്ത് വകുപ്പിനോടും ആവശ്യപ്പെട്ടു.
പാർലമെന്‍റ് മന്ദിരത്തിന്‍റെ കവാടത്തിൽ നിൽക്കുന്ന എംപിമാർക്ക് പോർച്ച് പ്രയോജനകരമാകുമെന്നാണ് സ്പീക്കറുടെ നിലപാടെന്ന് അധികൃതർ പറഞ്ഞു. പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനം പുരോഗമിക്കുന്നതിനിടെ രാജ്യതലസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. വ്യാഴാഴ്ച കുടയില്ലാതെ പാർലമെന്‍റ് മന്ദിരത്തിന് പുറത്ത് മഴയത്ത് നിൽക്കുന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോർച്ച് നിർമിക്കാനുള്ള സ്പീക്കറുടെ നിർദ്ദേശം എത്തിയത്.