ഇ-20 പെട്രോളിനെതിരേ പാർലമെന്‍റ് മാർച്ച്

പെട്രോളിൽ എഥനോൽ കലർത്തുന്നത് വാഹനങ്ങളിലും യാത്രക്കാരിലും ചെലുത്തുന്ന ആഘാതത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു കൊണ്ടാണ് പ്രതിഷേധ ആഹ്വാനം
Protest against Ethanol mixing in petrol

എഥനോൾ കലർത്തിയ പെട്രോൾ: പ്രതിഷേധം വ്യാപിക്കുന്നു.

Updated on

ന്യൂഡല്‍ഹി: എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ പിന്‍വലിക്കണമെന്നും ഇ-20 ഇന്ധനം നടപ്പിലാക്കിയത് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി ആസ്ഥാനമായുള്ള നിരവധി ഗതാഗത സംഘടനകള്‍ ഓഗസ്റ്റ് നാലിന് പാര്‍ലമെന്‍റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചു. വാഹനങ്ങളിലും യാത്രക്കാരിലും എത്തനോള്‍ മിശ്രണം (ethanol blending) ചെലുത്തുന്ന ആഘാതത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു കൊണ്ടാണ് മറ്റ് ഗതാഗത സംഘടനകളോടൊപ്പം ചേര്‍ന്ന് 'ഡല്‍ഹി ടാക്‌സി ആന്‍ഡ് ടൂറിസ്റ്റ് ട്രാന്‍സ്പോര്‍ട്ടേഴ്സ് ആന്‍ഡ് ടൂര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍' പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

'രാജ്യത്തുടനീളം വാഹനങ്ങളില്‍ എഥനോള്‍ മിശ്രണം മൂലമുള്ള പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, ഈ വിഷയത്തില്‍ ഇതുവരെയും ഉണര്‍ന്നു പ്രവര്‍ത്തിക്കാതിരുന്ന പാര്‍ലമെന്‍റ് അംഗങ്ങളെ കാര്യത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്താനാണ് പ്രതിഷേധത്തിലൂടെ ആഗ്രഹിക്കുന്നതെന്ന് ' ഡല്‍ഹി ടാക്‌സി ആന്‍ഡ് ടൂറിസ്റ്റ് ട്രാന്‍സ്പോര്‍ട്ടേഴ്‌സ് ആന്‍ഡ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് സഞ്ജയ് സാമ്രാട്ട് പറഞ്ഞു. ഈ പ്രതിഷേധം ഏതെങ്കിലും രാഷ്‌ട്രീയ ഗ്രൂപ്പുമായോ പാര്‍ട്ടിയുമായോ ബന്ധപ്പെട്ടതല്ലെന്നും സാമ്രാട്ട് വ്യക്തമാക്കി.

സര്‍ക്കാരിന്‍റെ എഥനോള്‍ ബ്ലെന്‍ഡിങ് (പെട്രോൾ, ഡീസൽ എന്നീ ഇന്ധനത്തില്‍ എഥനോള്‍ കലര്‍ത്തുന്ന) പദ്ധതിയെച്ചൊല്ലി ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പ്രതിഷേധ മാര്‍ച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്.

'കോക്രോച്ച് ജനതാ പാര്‍ട്ടി' ക്യാംപെയ്‌നില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് 'ഇ-20 ജനതാ പാര്‍ട്ടി' എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ മുന്നേറ്റവും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്.

മൈലേജ്, എന്‍ജിന്‍ പ്രവര്‍ത്തനം എന്നിവയിലുള്ള ആശങ്കകള്‍ കാരണം, ഇ-20 ഇന്ധന നയം വാഹന ഉടമകളുടെയും ഗതാഗത മേഖലയിലുള്ളവരുടെയും ഭാഗത്തുനിന്ന് വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com