
ഡൽഹി സർവകലാശാലയിൽ ഫീസ് വർധനവിനെതിരേ പ്രതിഷേധം
ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ ഫീസ് വർധനവിനെതിരേ പ്രതിഷേധം. വിവിധ കോഴ്സുകൾക്കുളള ഫീസുകൾ 20% ആണ് വർധിപ്പിച്ചത്. സർവകലാശാലയുടെ വാർഷിക ഫീസ് വർധനവ് നയത്തിന്‍റെ ഇരട്ടിയാണിത്. തീരുമാനം പിൻവലിക്കണമെന്നും ഫീസ് വർധവിന് ശേഷമുള്ള വിദ്യാർഥികളുടെ ബുദ്ധിമുട്ടുകൾ പരിശോധിച്ച് വരികയാണെന്നും മലയാളി വിദ്യാർത്ഥി കൂട്ടായ്മയായ മൈത്രി അറിയിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി ഡൽഹി സർവകലാശാല ഫീസ് ഉയർത്തി വരികയാണ്. ഇത്തവണയും കണ്ണടച്ച് ഫീസ് വർധനവിനുള്ള അനുമതി നൽകിയിരിക്കുകയാണ് വൈസ് ചാൻസിലർ. ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കുള്ള ഫീസ് 8,000 മുതൽ 20,000 രൂപ വരെ എത്തി.
എൽഎൽബി, എൽഎൽഎം കോഴ്സുകൾക്ക് 8,087 രൂപയും. എംസിഎക്ക് 23,007 ഉം എംഎസ്‌സി കമ്പ്യൂട്ടർ സയൻസിന് 22,887 രൂപയുമാണ്. പിഎച്ച്‌ഡിക്ക് അപേക്ഷിക്കുന്നവർ 8,087 രൂപ ഫീസ് അടയ്ക്കണം.
സർവ്വകലാശാല ഫീസുകളിലുമുണ്ട് വർധനവ്. വികസന ഫണ്ട് മുന്നൂറ് രൂപ വർധിപ്പിച്ച് 1500 ആക്കി. സേവനങ്ങക്കുള്ള ഫീസും 250 കൂട്ടി 1500 രൂപയാക്കി. 250 രൂപയാണ് ക്ഷേമനിധി. നടപ്പ് സാമ്പത്തിക വർഷം വരുമാനം 246 കോടിയിലധികമായി വർധിപ്പിക്കാൻ സർവ്വകലാശാല പദ്ധതിയിടുന്നതായുള്ള സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു.