ഡൽഹിയിൽ പ്രതിഷേധം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ചെന്നൈയിൽ

13,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രിയുടെ ചെന്നൈ സന്ദർശനം
Prime Minister Narendra Modi

പ്രധാനമന്ത്രി നരേന്ദ്ര മോദി

Updated on: 

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം അരങ്ങേറുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തമിഴ്നാട്ടിലെ ചെന്നൈയിൽ എത്തും. 13,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രിയുടെ ചെന്നൈ സന്ദർശനം.

സന്ദർശനത്തിനിടെ പോരൂർ ബൈപാസ് സ്റ്റേഷനിൽ നിന്ന് പൂനമല്ലി ബൈപാസ് സ്റ്റേഷനിലേക്കും തിരിച്ചും ചെന്നൈ മെട്രൊയിൽ യാത്ര ചെയ്യുന്ന പ്രധാനമന്ത്രി ജലകണ്ഠേശ്വര ക്ഷേത്രത്തിൽ ദർശനവും നടത്തും. നഗരത്തിലെ ജയഗോപാൽ ഗരോഡിയ ഹിന്ദു വിദ്യാലയ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിന്‍റെ സുവർണജൂബിലി ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും.

ഐഐടി മദ്രാസിലെ ബ്രെയിൻ സെന്‍ററും പ്രധാനമന്ത്രി സന്ദർശിക്കും. വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചശേഷം അദ്ദേഹം പൊതുയോഗത്തെ അഭിസംബോധന ചെയ്യുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. 4,900 കോടി രൂപ ചെലവിൽ നിർമിച്ച ചെന്നൈ മെട്രൊ റെയ്ൽ പദ്ധതിയുടെ രണ്ടാംഘട്ടത്തിലെ പൂനമല്ലി–വടപളനി പാതയുടെ ഉദ്ഘാടനവും ഇതിൽ ഉൾപ്പെടുന്നു.

ദേശീയപാത 744-ലെ വടുകപ്പട്ടി–തെർക്കുവെങ്കനല്ലൂർ പാതയുടെ 36 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരിപ്പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മേഖലയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്താൻ പദ്ധതി സഹായിക്കും.

ദേശീയപാത 744എയിലെ മധുര റിങ് റോഡിന്‍റെ 30 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരിപ്പാതയും അദ്ദേഹം ഉദ്ഘാടനം ചെയ്യും. മധുര നഗരത്തിന് ചുറ്റുമുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പാത സഹായകമാകും.

ദേശീയപാത 83-ലെ നാഗപട്ടണം–തഞ്ചാവൂർ പാതയുടെ ഭാഗമായ തിരുവാരൂർ ബൈപാസിന്‍റെ നാലുവരിപ്പാതയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. തിരുവാരൂരിലെ റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും നഗരത്തിന് പുറത്തുകൂടിയുള്ള ബദൽ പാതയിലൂടെ ഗതാഗതം സുഗമമാക്കുന്നതിനും പദ്ധതി സഹായിക്കും. 750 കോടിയിലധികം രൂപ ചെലവ് വരുന്ന റെയ്ൽവേ അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

logo
Metro Vaartha
www.metrovaartha.com