പുൽവാമ ഭീകരാക്രമണം; ധീരജവാന്മാരുടെ ഓർമ്മയിൽ രാജ്യം

ദേശീയപാത 44ല്‍ അവന്തിപ്പോരയ്ക്കടുത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ വാന്‍ വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റി. മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം 100 മീറ്റർ അകലേക്ക് ചിതറിതെറിച്ചു
പുൽവാമ ഭീകരാക്രമണം; ധീരജവാന്മാരുടെ ഓർമ്മയിൽ രാജ്യം

ഫെബ്രുവരി 14 പുൽവാമ ദിനം, രാജ്യത്തിനായി സ്വന്തം ജീവൻ ബലി അർപ്പിച്ച ധീര ജാവാൻമാരുടെ ഓർമ്മക്ക് ഇന്ന് നാലു വർഷം. 2019 ഫെബ്രുവരി 14 നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തുന്നത്. അന്ന് ഇന്ത്യക്ക് നഷ്ടമായത് 40 ഓളം വീര ജവാൻ മാരെ.

ആക്രമണം നടന്നത് പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയ്‌ക്ക് സമീപമായിരുന്നു. 2019 ഫെബ്രുവരി 14ന്  കേന്ദ്ര റിസര്‍വ്വ് പൊലീസ് സേനയിലെ 2500 ഓളം സൈനികര്‍ 78 ബസുകളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് സഞ്ചരിക്കുകയായിരുന്നു. ദേശീയപാത 44ല്‍ അവന്തിപ്പോരയ്ക്കടുത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ വാന്‍ വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റി. മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം 100 മീറ്റർ അകലേക്ക് ചിതറിതെറിച്ചു.

വയനാട് ലക്കിടി സ്വദേശിയായ വി.വി വസന്തകുമാര്‍ ഉള്‍പ്പെടെയുള്ള ധീരസൈനികരുടെ വീരമൃത്യു ഈ നാലു വർഷത്തിനിപ്പുറവും ഓരോ ഇന്ത്യക്കാരന്‍റേയും മനസിൽ ഒരു കനലായി അവശേഷിക്കുന്നു. 

അക്രമണത്തിന്‍റെ 12-ാം ദിവസം ഫെബ്രുവരി 26-ന്  ഇന്ത്യ തിരിച്ചടിച്ചു. നിയന്ത്രണരേഖ മറികടന്ന് ബാലക്കോട്ടിൽ തീവ്രവാദ ക്യാമ്പുകൾ തകർത്തെറിഞ്ഞ് പുൽവാമയ്ക്ക് മറുപടി നൽകി. വ്യോമാക്രമണത്തിൽ മുന്നൂറോളം ഭീകരരെ വധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടുന്നു. 27ന് പാക് യുദ്ധവിമാനങ്ങൾ ഇന്ത്യൻ ക്യാമ്പുകൾ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയെങ്കിലും കനത്ത തിരിച്ചടി രാജ്യം നൽകി. 

ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനും ഇന്ത്യ നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കി. യുഎൻ സെക്യൂരിറ്റി കൗൺസിലിന്‍റെ 1267 സമിതിയിൽ യുഎസ്, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ മുന്നോട്ടുവച്ച നിർദേശത്തിന്മേലുള്ള സാങ്കേതിക നിയന്ത്രണം ചൈന പിൻവലിച്ചതോടെ 2019 മെയ് 1ന് മസൂദ് അസ്ഹറിനെ യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com