
ട്രാഫിക് കുരുക്കുണ്ടാക്കിയ കെട്ടിപ്പിടിത്തം
പ്രണയത്തിന് കണ്ണില്ല, ചെവിയില്ല എന്നു പറയുന്ന പോലെ ചില സമയങ്ങളിൽ ഇത്തരക്കാരുടെ തലയ്ക്കകത്തും ഒന്നും കാണില്ല എന്നു തോന്നിപ്പോകും. ഇത് വീണ്ടും തെളിയിക്കുന്ന ഒരു സംഭവമാണ് പൂനെയിൽ ഉണ്ടായത്. തിരക്കേറിയ എന്‍എച്ച് റോഡിനെ ദമ്പതികളുടെ 'ആലിംഗന മേഖല'യാക്കി മാറ്റി. അതായത് സോദരാ, ഇന്ത്യാ ഒരു സ്വതന്ത്ര രാജ്യമാണല്ലോ – ആദ്യം ഫീലിങ്സ്..., ട്രാഫിക് ഒക്കെ പിന്നീട്...'. എന്തായാലും ഈ ക്രിഞ്ച് സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്‌വാഡിലെ തിരക്കേറിയ റോഡിലാണ് സംഭവം നടക്കുന്നത്. വീഡിയോയിൽ തിരക്ക് പിടിച്ച ഒരു റോഡിൽ അനേകം വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതു കാണാം. സിഗ്നലായതു കൊണ്ട് ആദ്യമാദ്യം ദമ്പതികളുടെ ഈ 'തോന്ന്യവാസം' കഴിയുന്നതുവരെ കാത്തു നിന്നുവെങ്കിലും പിന്നീട് വാഹനങ്ങളിലുണ്ടായിരുന്നവർക്ക് ദേഷ്യം വരുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ ആളുകൾ ഇരുവരുടേ അടുത്തേക്ക് വരുന്നതും മാറാന്‍ ദേഷ്യത്തിൽ ആവശ്യപ്പെടുന്നതും കാണാം.
ഇതിനിടയിൽ ട്രാഫിക് പൊലീസ് അവിടെ എത്തുന്നതും ഒടുവിൽ എല്ലാവരും തർക്കിക്കുന്നതു പോലെ സംസാരിക്കുന്നതും കാണാം. എന്നാൽ ഇതൊന്നും വകവയ്ക്കാതെ ആദ്യം യുവതിയും യുവാവും അനങ്ങാതെ നിൽക്കുന്നുണ്ടെങ്കിലും അല്പനേരം കഴിഞ്ഞപ്പോൾ ഇരുവരും അവിടെ നിന്നും മാറിപ്പോകുന്നുണ്ട്.
എന്തായാലും, ദമ്പതികളുടെ ഈ 'പ്രണയപ്രകടനം' ഓൺലൈനിൽ വന്‍ ചർച്ചയ്ക്ക് കാരണമായി. 'ഇക്കാലത്ത് ലൈക്കിനും റീച്ചിനും വേണ്ടി ആളുകൾ എന്തും ചെയ്യും', 'സിനിമ ഷൂട്ടിങ് ആണ്' എന്നെല്ലാം തമാശയായി ആളുകൾ കമന്‍റിൽ എഴുതി. സാഹചര്യത്തിന്‍റെ ആധികാരികതയെ ചോദ്യം ചെയ്ത് ഒരുകൂട്ടം ആളുകളും, മറ്റ് കുറച്ച് ആളുകൾ ലൈക്കിനും വ്യൂസിനും വേണ്ടി പകർത്തിയിരിക്കുന്ന വീഡിയോ ആണ് ഇതെന്നും അഭിപ്രായപ്പെട്ടു.