

പ്രതി ദത്ത്രേയ റാംദാസ് ഗഡേ
മുംബൈ: 26കാരിയെ ആളൊഴിഞ്ഞ ബസിൽ കയറ്റി പീഡിപ്പിച്ച പുനെ ബലാത്സംഗ കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ദത്ത്രേയ റാംദാസ് ഗഡേ (37) എന്ന പ്രതിക്കായി പുനെ പൊലീസ് അന്വേഷണം ഊർജിതമാക്കി.
13 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. ഒളിവിൽ കഴിയുന്ന പ്രതിയുടെ ഫോട്ടോ പുറത്തുവിട്ട അന്വേഷണ സംഘം, ഇയാളെക്കുറിച്ച് സൂചന നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. പ്രതിയെക്കുറിച്ച് സൂചന ലഭിക്കുന്നവർ 9881670659, 600444569 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു.
പുനെയിലെ സ്വർഗതേ ഡിപ്പോയിൽ കിടന്നിരുന്ന സർക്കാർ ബസിൽ ചൊവ്വാഴ്ചയായിരുന്നു യുവതിക്കെതിരെ അതിക്രമം നടന്നത്. പ്രതിക്കെതിരേ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 64 (ബലാത്സംഗം), 351 (2) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പൊലീസ് സ്റ്റേഷനു സമീപത്ത് വച്ചാണ് പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചത്. ഷിരൂരിലെ ഗുണത് സ്വദേശിയായ ദത്ത്രേയ റാംദാസ് ഗഡേ പുനെ പൊലീസ് റജിസ്റ്റർ ചെയ്ത ഒട്ടേറെ കവർച്ച കേസുകളിലെ പ്രതിയാണ്.