ഗർഭഛിദ്രത്തിന് ഭർത്താവിന്‍റെ അനുമതി വേണ്ട; പഞ്ചാബ് - ഹരിയാന ഹൈക്കോടതി

ഗർഭച്ഛിദ്രത്തിന് അനുമതി തേടി യുവതി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി
punjab haryana high court says only married womans consent needed for abortion

ഗർഭഛിദ്രത്തിന് ഭർത്താവിന്‍റെ അനുമതി വേണ്ട; പഞ്ചാബ്-ഹരിയാന ഹൈക്കോടതി

representative image

Updated on

ന്യൂഡല്‍ഹി: ഗർഭഛിദ്രത്തിന് വിവാഹിതയായ സ്ത്രീയുടെ സമ്മതം മാത്രം മതി എന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. പഞ്ചാബിൽ നിന്നുള്ള 21 വയസുള്ള സ്ത്രീക്ക് ഭർത്താവിന്‍റെ അനുമതിയില്ലാതെ ഗർഭഛിദ്രം നടത്താൻ അനുമതി നൽകിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. 3 മാസം ഗർഭിണിയാണ് യുവതി. ഗർഭച്ഛിദ്രത്തിന് അനുമതി തേടി യുവതി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 2025 മേയ് 2 -നാണ് താൻ വിവാഹിതയായത് എന്നും ഭർത്താവുമായുള്ള ബന്ധം വളരെ അസ്വസ്ഥമായിരുന്നുവെന്നും അവർ കോടതിയെ അറിയിച്ചു.

നേരത്തെ നടന്ന ഒരു വാദം കേൾക്കലിൽ, ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിനോട് (പിജിഐഎംഇആർ) യുവതിയെ പരിശോധിക്കാൻ ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. എംടിപിക്ക് വിധേയയാകാൻ അവർക്ക് വൈദ്യശാസ്ത്രപരമായി പ്രശ്നമൊന്നുമില്ല എന്നാണ് ബോർഡ് റിപ്പോർട്ട് ചെയ്തത്. ഡിസംബർ 23 -ലെ റിപ്പോർട്ടിൽ, ഇവർ 16 ആഴ്ചയും ഒരു ദിവസവുമായി ഗർഭിണിയാണ് എന്നും, കുഞ്ഞിന് ജന്മനാ വൈകല്യങ്ങളൊന്നുമില്ലെന്നും പറഞ്ഞിരുന്നു. യുവതിയുടെ മാനസികാരോഗ്യവും ബോർഡ് പരിശോധിച്ചിരുന്നു.

'കഴിഞ്ഞ ആറുമാസമായി വിഷാദത്തിന്‍റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ യുവതി കാണിക്കുന്നുണ്ട്. ഇതിനായി ചികിത്സ തേടുന്നുണ്ടെങ്കിലും നേരിയ പുരോഗതി മാത്രമേ ഉണ്ടായിട്ടുള്ളൂ. വിവാഹമോചന നടപടികൾക്കിടയിലുള്ള ഗർഭധാരണം അവരെ അതീവ മാനസിക പ്രയാസത്തിലാക്കുന്നുണ്ട്. അവരുടെ മാനസികാരോഗ്യത്തിനുള്ള ചികിത്സയും കൗൺസിലിംഗും തുടരേണ്ടതുണ്ട്. എന്നാൽ, സ്വന്തം സമ്മതം അറിയിക്കാനുള്ള മാനസികാരോഗ്യം അവർക്കുണ്ട്' എന്നും ബോർഡ് കോടതിയെ അറിയിച്ചു.

ഹർജിക്കാരി ഗർഭഛിദ്രത്തിന് വൈദ്യശാസ്ത്രപരമായി ഫിറ്റാണ് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നതെന്ന് ജസ്റ്റിസ് സുവീർ സെഗാൾ ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. വിവാഹമോചന നടപടികൾ നേരിടുന്ന ഭർത്താവിന്റെ സമ്മതം ഈ കാര്യത്തിൽ ആവശ്യമില്ല എന്നാണ് കോടതി പറഞ്ഞത്. 1971-ലെ ഗർഭഛിദ്ര നിയമം പ്രകാരം, ഗർഭം അലസിപ്പിക്കുന്നതിന് ഭർത്താവിന്‍റെ നേരിട്ടുള്ളതോ അല്ലാതെയുള്ളതോ ആയ സമ്മതം ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. ഗർഭധാരണവുമായി മുന്നോട്ട് പോകണമോ അതോ അത് വേണ്ടെന്നു വെക്കണമോ എന്ന് തീരുമാനിക്കാൻ ഏറ്റവും അനുയോജ്യയായ വ്യക്തി ആ വിവാഹിതയായ സ്ത്രീ തന്നെയാണ്. അവളുടെ താൽപ്പര്യത്തിനും സമ്മതത്തിനുമാണ് ഇവിടെ പ്രാധാന്യം എന്നും കോടതി നിരീക്ഷിച്ചു.

ഗർഭകാലയളവ് 20 ആഴ്ചയിൽ താഴെയാണെന്നും, അതിനാൽ തന്നെ അത് നിയമപ്രകാരം അനുവദനീയമായ പരിധിക്കുള്ളിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ, ഹർജിക്കാരിയെ ഗർഭഛിദ്രത്തിന് അനുവദിക്കുന്നതിൽ തടസ്സങ്ങളൊന്നും ഇല്ല. മേൽപ്പറഞ്ഞ കാര്യങ്ങൾ പരിഗണിച്ച്, രണ്ടാം എതിർകക്ഷിയായ പി.ജി.ഐ.എം.ഇ.ആർ ആശുപത്രിയിൽ നിന്നോ മറ്റ് അംഗീകൃത ആശുപത്രികളിൽ നിന്നോ ഗർഭഛിദ്രം നടത്താൻ ഹർജിക്കാരിക്ക് അർഹതയുണ്ടെന്നും കോടതി ഉത്തരവിട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com