2 കോടിയുടെ ഹെറോയിനുമായി 'ഇൻസ്റ്റാഗ്രാം വൈറൽ' പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

ഇവരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു
punjab Police constable arrested with heroin worth Rs 2 crore

അമന്‍ദീപ് കൗർ

Updated on

ചണ്ഡീഗഡ്: ബത്തിൻഡയിൽ 17.7 ഗ്രാം ഹെറോയിനുമായി പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ. പൊലീസ് കോണ്‍സ്റ്റബിള്‍ അമന്‍ദീപ് കൗറാണ് പിടിയിലായത്. പിടിച്ചെടുത്ത മുതൽ 2 കോടി രൂപയുടെ മൂല്യമുണ്ടാകുമെന്നും ഇവരെ സർവീസിൽ നിന്നും പിരിച്ചുവിട്ടതായും പഞ്ചാബ് പൊലീസ് അറിയിച്ചു.

ബുധനാഴ്ച വൈകീട്ടോടെ പഞ്ചാബ് സർക്കാരിന്‍റെ മയക്കുമരുന്ന് വിരുദ്ധ ദൗത്യമായ 'യുദ്ധ് നശേയൻ വിരുദ്' ന്‍റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. ഇവരുടെ കാർ തടഞ്ഞു നിർത്തി പരിശോധന നടത്തിയതിൽ പെട്ടിയിൽ ഒളിപ്പിച്ച നിലയിൽ ഹെറോയിൻ കണ്ടെത്തിയെന്നും ഉടനെ ഇവരെയും വാഹനവും കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും ഡിഎസ്പി ഹർബൻസ് സിംഗ് പറഞ്ഞു. തുടർന്ന് വ്യാഴാഴ്ചയോടെ ഇവരെ സർവീസിൽ നിന്നും പിരിച്ചു വിടുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ 'പൊലീസ്_കൗർദീപ്' എന്ന പേരിൽ അറിയപ്പെടുകയും, ഇന്‍സ്റ്റഗ്രാമില്‍ 37,000 ത്തിലേറെ ഫോളോവേഴ്‌സുള്ള അമന്‍ദീപ് കൗറിന്‍റെ റീലുകള്‍ പലതും വൈറലാണ്. 27കാരിയായ അമന്‍ദീപ് യൂണിഫോം ധരിച്ച് ചെയ്ത പല വിഡിയോകളും പഞ്ചാബ് പൊലീസിന്‍റെ സ്റ്റിക്കർ പതിച്ച എസ്‌യുവി ഥാർ വാഹനവും നിരന്തരം വിവാദത്തിനിടയാക്കിയിരുന്നു.

1 ഓഡി, 2 ഇന്നോവ കാറുകൾ, 1 ബുള്ളറ്റ്, 2 കോടി രൂപ വിലമതിക്കുന്ന ഒരു വീട്, 1 ലക്ഷം വിലവരുന്ന ഒരു വാച്ച് എന്നിവയുൾപ്പെടെ നിരവധി ആഡംബര വസ്തുക്കൾ കൗറിന്‍റെ ഉടമസ്ഥതയിലുണ്ടെന്നാണ് വിവരം. കൗറിന് എവിടെ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും ഇവരുടെ സ്വത്തു വിവരങ്ങളും മറ്റ് ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com