
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരേ മോദി പരാമർശ കേസ് നൽകിയ ഗുജറാത്ത് ബിജെപി നേതാവ് പൂർണേഷ് മോദിക്ക് പാർട്ടിയിൽ പ്രധാന ചുമതല നൽകി. കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലിയുടെയും ദാമൻ ദിയുവിന്‍റേയും പാർട്ടിയുടെ രാഷ്ട്രീയകാര്യ ചുമതലയാണ് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ നൽകിയിരിക്കുന്നത്. രാഹുലിന്‍റെ അയോഗ്യതയ്ക്ക് വരെ കാരണമായ സാഹചര്യത്തിലാണ് ബിജെപിയുടെ സൂറത്ത് വെസ്റ്റ് എംഎൽഎയായ പൂർണേഷ് മോദിക്ക് പ്രധാന ചുമതല നൽകാനുള്ള പാർട്ടിയുടെ തീരുമാനം.
2019 ഏപ്രിലിൽ കർണാടകയിലെ കോലാറിൽ നടത്തിയ റാലിയിലെ പ്രസംഗത്തിലായിരുന്നു രാഹുലിന്‍റെ മോദ പരാമർശം. കേസിൽ ഈ മാർച്ചിൽ സൂറത്ത് കോടതി രണ്ടു വർഷത്തേക്ക് അദ്ദേഹത്തെ ശിക്ഷിച്ചു. ഇതേത്തുടർന്ന് വയനാട് ലോക്സഭാ അംഗത്വം അയോഗ്യമായിരുന്നു. പിന്നീട് ഓഗസ്റ്റിൽ സുപ്രീംകോടതി ശിക്ഷാനടപടി സ്റ്റേ ചെയ്തതോടെയാണ് അംഗത്വം തിരികെ ലഭിച്ചത്.