

പുഷ്പ 2 ആൾക്കൂട്ട ദുരന്തം; അല്ലു അർജുനെ പ്രതിചേർത്ത് കുറ്റപത്രം
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കാനിടയായ കേസില്‍ നടന്‍ അല്ലു അര്‍ജുനും സുരക്ഷാ സംഘവും തിയെറ്റര്‍ മാനെജ്‌മെന്‍റും ഉള്‍പ്പെടെ 23 പേരെ പ്രതികളാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
2024 ഡിസംബര്‍ നാലിന് രാത്രി 11ന് നടന്ന പുഷ്പ 2ന്‍റെ പ്രീമിയര്‍ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 35കാരിയായ എം. രേവതി എന്ന യുവതി മരണപ്പെട്ടിരുന്നു. തിയെറ്ററില്‍ അല്ലു അര്‍ജുന്‍ എത്തിയെന്ന് അറിഞ്ഞ് നിരവധി പേര്‍ തടിച്ചുകൂടിയതിനെ തുടര്‍ന്നാണ് അപകടം നടന്നത്.
രേവതിയുടെ 9വയസുകാരനായ മകന്‍ ശ്രീതേജ്, അല്ലു അര്‍ജുന്‍റെ ആരാധകനാണ്. മകന്‍റെ ആഗ്രഹപ്രകാരമായിരുന്നു രേവതി തിയെറ്ററിലെത്തിയത്. എന്നാല്‍ തിയെറ്ററിലുണ്ടായ തിരക്കില്‍പ്പെട്ട രേവതി മരണപ്പെടുകയും മകന് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു.
സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് അനുമതി നിഷേധിച്ചിട്ടും അല്ലു അര്‍ജുന്‍ തിയെറ്ററിലെത്തിയതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സാധിക്കാതെ വരികയായിരുന്നെന്നു പൊലീസ് പറഞ്ഞു. താരത്തിന്‍റെ ഭാഗത്തുനിന്നുണ്ടായത് അശ്രദ്ധയും നിയമലംഘനവുമാണെന്നും കുറ്റപത്രത്തിലുണ്ട്. കുറ്റപത്രത്തില്‍ തിയെറ്റര്‍ ഉടമകളെയും മാനെജ്‌മെന്‍റിനെയുമാണ് ഒന്നാം പ്രതികളാക്കിയിരിക്കുന്നത്. അല്ലു അര്‍ജുന്‍ 11ാം പ്രതിയാണ്.