നിർണായക ചുവടുവയ്പ്പുമായി ഇസ്രൊ; പുഷ്പക്കിന്‍റെ രണ്ടാം ഘട്ട പരീക്ഷണവും വിജയകരം

വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററിൽ പുഷ്പക്കിനെ 4.5 കിലോമീറ്റർ ഉയരത്തിൽ എത്തിച്ചശേഷം വേർപെടുത്തി
pushpak viman
pushpak viman

ബംഗളൂരു: പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹന സാങ്കേതിക വിദ്യയിൽ നിർണായക ചുവടുവയ്പ്പുമായി ഇസ്രൊ. പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം പുഷ്പക്കിന്‍റെ (ആർഎൽവി ലെക്സ്-02 ) സ്വയം നിയന്ത്രിത ലാൻഡിങ് ഇസ്രൊ വിജയകരമായി പരീക്ഷിച്ചു. കർണാടകയിലെ ചിത്രദുർഗയിലുള്ള എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ ഇന്നലെ രാവിലെ 7.10നായിരുന്നു പരീക്ഷണം. പുഷ്പക്കിന്‍റെ രണ്ടാം ലാൻഡിങ് പരീക്ഷണമാണിത്.

വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററിൽ പുഷ്പക്കിനെ 4.5 കിലോമീറ്റർ ഉയരത്തിൽ എത്തിച്ചശേഷം വേർപെടുത്തി. റണ്‍വേയില്‍ നിന്ന് നാലു കിലോമീറ്റർ ഉയരത്തിലെത്തിയപ്പോൾ പുഷ്പക് സ്വയം നിയന്ത്രണം ഏറ്റെടുത്ത് ലാൻഡ് ചെയ്തു. ബ്രേക്ക് പാരഷൂട്ടൂം ലാൻഡിങ് ഗിയര്‍ ബ്രേക്കുകളും നോസ് വീല്‍ സ്റ്റിയറിങ് സംവിധാനവും ഉപയോഗിച്ചു പുഷ്പക് കൃത്യതയോടെ റൺവേയിലിറങ്ങി.

വിഎസ്‌എസ്‌സി, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്‍റർ, ഇസ്രൊ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റ് എന്നിവ ചേർന്നാണു പരീക്ഷണ ദൗത്യം സംഘടിപ്പിച്ചത്. ഇസ്രൊ ചെയർമാൻ എസ്. സോമനാഥ് ഉൾപ്പെടെ പരീക്ഷണം നേരിട്ടു വിലയിരുത്തി.

നാസയുടെ സ്‌പെയ്സ് ഷട്ടിലിന് സമാനമായ റീ യൂസബിള്‍ ലോഞ്ച് വെഹിക്കിളാണ് ഇസ്രൊയുടെ പുഷ്പക്. രാമായണത്തിലെ പുഷ്പക വിമാനത്തിൽ നിന്നാണ് ഈ പേര് സ്വീകരിച്ചത്. ബഹിരാകാശ ദൗത്യങ്ങളുടെ ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പുനരുപയോഗിക്കാവുന്ന വാഹനത്തിന്‍റെ പരീക്ഷണം.

തദ്ദേശീയമായി വികസിപ്പിച്ച ഗതിനിർണയ, നിയന്ത്രണ, ലാൻഡിങ് ഗിയർ, സ്വയം നിയന്ത്രിത ലാൻഡിങ് സംവിധാനങ്ങളുടെ കൃത്യത രണ്ടാംഘട്ട പരീക്ഷണത്തിൽ വിശദമായി പരിശോധിച്ചു. ആദ്യ പരീക്ഷണത്തിനു ശേഷം വാഹനത്തിന്‍റെ പുറംപാളിയും ലാൻഡിങ് ഗിയറും വലിയ ഭാരം വഹിക്കാനുള്ള ശേഷിക്കായി കൂടുതൽ ശക്തമാക്കിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com