പുടിന്‍റെ അതീവ സുരക്ഷിത ഔറസ് സെനറ്റ് ഡൽഹി റോഡുകളിൽ; വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും ചെറുക്കും

വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ള അതീവ സുരക്ഷിത വാഹനമാണ് പുടിന്‍റെ ഔറസ് സെനറ്റ്
Vladimir Putin, Aurus Senat

വ്ലാഡിമിർ പുടിൻ,  ഔറസ് സെനറ്റ്

Updated on

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിൽ എത്തിയ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ സുരക്ഷാ വാഹനവ്യൂഹത്തിൽ ശ്രദ്ധേയമായി ഔറസ് സെനറ്റ് എന്ന ആഡംബര ലിമോസിൻ. വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ള അതീവ സുരക്ഷിത വാഹനമാണ് പുടിന്‍റെ ഔറസ് സെനറ്റ്.

വിദേശ സന്ദർശനങ്ങളിൽ പുടിൻ സാധാരണയായി സ്വന്തം ഔറസ് സെനറ്റ് കാറിലാണ് യാത്ര ചെയ്യുന്നത്. റഷ്യൻ കമ്പനിയായ ഔറസ് മോട്ടോഴ്സാണ് ഈ കരുത്തുറ്റ വാഹനം വികസിപ്പിച്ചത്. 2018ലാണ് സെനറ്റ് അവതരിപ്പിച്ചത്. സർക്കാർ ആവശ്യങ്ങൾക്കായി ആഡംബര, കവചിത വാഹനങ്ങൾ നിർമിക്കുന്ന റഷ്യയുടെ ‘കോർട്ടെജ്’ പദ്ധതിയുടെ ഭാഗമാണിത്. സോവിയറ്റ് കാലത്തെ ZIS-110 ലിമോസിനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാഹനത്തിന്‍റെ രൂപകൽപന. സിവിലിയൻ പതിപ്പും ഔറസ് നിർമിക്കുന്നുണ്ട്. പ്രതിവർഷം 120 വാഹനങ്ങൾ മാത്രമാണ് നിർമിക്കുന്നത്. ഏകദേശം 18 ദശലക്ഷം റൂബിൾ (ഏകദേശം 2.5 കോടി രൂപ) ആണ് ഇതിന്‍റെ വില.

4.4 ലിറ്റർ ട്വിൻ-ടർബോ V8 എൻജിനും ഹൈബ്രിഡ് സംവിധാനവുമാണ് ഔറസ് സെനറ്റിലുള്ളത്. ഏകദേശം 598 കുതിരശക്തിയും 880 എൻഎം ടോർക്കും വാഹനം ഉത്പാദിപ്പിക്കും. ഒൻപത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്.

5,630 മില്ലിമീറ്റർ നീളവും 2,000 മില്ലിമീറ്റർ വീതിയും 1,700 മില്ലിമീറ്റർ ഉയരവുമാണ് വാഹനത്തിനുള്ളത്. 3,300 മില്ലിമീറ്ററാണ് വീൽബേസ്. മണിക്കൂറിൽ 160 കിലോമീറ്ററാണ് പരമാവധി വേഗം. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ ഏകദേശം ഒൻപത് സെക്കൻഡ് മതിയാകും.

പ്രസിഡൻഷ്യൽ വാഹനവ്യൂഹങ്ങൾക്ക് ആവശ്യമായ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന രീതിയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. ആക്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ഇലക്ട്രോണിക് ട്രാക്ഷൻ കൺട്രോൾ, നൂതന ബ്രേക്കിങ് സംവിധാനങ്ങൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

ലെതർ സീറ്റുകൾ, വുഡ് ട്രിം, ആധുനിക ഇൻഫോടെയ്ൻമെന്‍റ് സംവിധാനം എന്നിവയുള്ള ആഡംബര ഇന്‍റീരിയറാണ് വാഹനത്തിനുള്ളത്. അതിശൈത്യം ഉൾപ്പെടെയുള്ള കഠിനമായ കാലാവസ്ഥയിലും പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് ഔറസ് സെനറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വർഷം ചൈനയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനൊപ്പം ഔറസ് സെനറ്റിൽ യാത്ര ചെയ്തത് ശ്രദ്ധ നേടിയിരുന്നു.

logo
Metro Vaartha
www.metrovaartha.com