മുൻ ഇന്ത്യൻ സൈനികർക്കെതിരായ വധശിക്ഷ; ഖത്തർ കോടതി കേന്ദ്രത്തിന്‍റെ അപ്പീൽ സ്വീകരിച്ചു

ഖത്തർ നാവികസേനയ്ക്കായി ഇറ്റാലിയൻ കമ്പനി ഫിൻസാന്‍ററി നിർമിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രയേലിനു ചോർത്തിക്കൊടുത്തുവെന്നതാണ് 8 പേർക്കുമെതിരേ ചുമത്തിയിരിക്കുന്ന കുറ്റം
Representative Image
Representative Image

ദോഹ: എട്ട് ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധിച്ച ഉത്തരവിനെതിരേ കേന്ദ്ര സർക്കാർ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു. നവംബർ ഒൻപതിനാണ് കേന്ദ്രസർക്കാർ അപ്പീൽ ഫയൽ ചെയ്തത്. അപ്പീൽ പഠിക്കുകയാണെന്നും ഉടൻ പരിഗണിക്കുമെന്നും വിവരം നൽകിയതായി റിപ്പോർട്ടുകളുണ്ട്.

തിരുവനന്തപുരം സ്വദേശിയെന്നു കരുതുന്ന രാഗേഷ് ഗോപകുമാർ, പൂർണേന്ദു തിവാരി, നവ്തേജ് സിങ് ഗിൽ, ബിരേന്ദ്ര കുമാർ വർമ, സുഗുനകർ പകാല, സഞ്ജീവ് ഗുപ്ത, അമിത് നാഗ്പാൽ, സൗരഭ് വസിഷ്ഠ് എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. അല്‍ ദഹറ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് എട്ടുപേരും.വ്യവസായ ആവശ്യങ്ങൾക്കായി ഖത്തിറിലെത്തിയവരാണിവർ.

ഖത്തർ നാവികസേനയ്ക്കായി ഇറ്റാലിയൻ കമ്പനി ഫിൻസാന്‍ററി നിർമിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രയേലിനു ചോർത്തിക്കൊടുത്തുവെന്നതാണ് 8 പേർക്കും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ഖത്തർ സ്വദേശിയായ ഖാമിസ് അൽ നജ്മിക്കുമെതിരെ ആരോപിക്കപ്പെട്ട കുറ്റം.ജനുവരി 14 ന് ഇവരെ കസ്റ്റഡിയിലെടുത്ത് ഏകാന്ത തടവിലാക്കിയിരുന്നു. എന്നാൽ, സെപ്റ്റംബറിൽ മാത്രമാണ് ഇവരെ തടവിലാക്കിയ കാര്യം ദോഹയിലെ ഇന്ത്യൻ എംബസി അറിഞ്ഞത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com