

രാഹുൽ ഗാന്ധി പിടിച്ചു തള്ളി, വയറിടിച്ച് നിലത്ത് വീണു; ആശുപത്രിയിൽ ചികിത്സയിലെന്ന് ഗർഭിണിയായ മാധ്യമ പ്രവർത്തക
ന്യൂഡൽഹി: സുപ്രീം കോടതി പരസരത്തെ പ്രതിഷേധത്തിനിടെ തന്നെ രാഹുൽ ഗാന്ധി തള്ളിയിട്ടെന്ന് ആരോപണവുമായി ഗർഭിണിയായ മാധ്യമപ്രവർത്തക. വൺ ഇന്ത്യ ന്യൂസ് വെബ്സൈറ്റിലെ മാധ്യമപ്രവർത്തകയായ റിച്ച പരാശർ ആണ് രാഹുലിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. യുവതി നിലവിൽ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്‍റെ ചെറിയ ദൃശ്യങ്ങളും റിച്ച സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
രാഹുൽ തന്‍റെ കൈയിൽ പിടിച്ച് വലിച്ചുവെന്നും അതിനിടെ താൻ നിലത്തു വീണുവെന്നുമാണ് യുവതി പറയുന്നത്. വീഴ്ചയിൽ തന്‍റെ കാൽമുട്ടും വയറും ശക്തിയായി നിലത്തിടിച്ചെന്നും യുവതി പറയുന്നു. തന്‍റെ ക്യാമറമാനെ രാഹുൽ പിടിച്ചുവലിച്ചു. തുടർന്ന് ഇയാളടക്കം നാലഞ്ച് പേർ തന്‍റെ മേലേക്ക് വീണെന്നുമാണ് യുവതി പറയുന്നത്.
കോടതി പരിസരത്ത് ഗേറ്റിന് മുന്നിലാണ് താൻ നിന്നിരുന്നത്. രാഹുലിന്‍റെ ബൈറ്റ് എടുക്കുകയായിരുന്നു ലക്ഷ്യം. രാഹുൽ പുറത്തേക്ക് വന്നതോടെ മൈക്ക് നീട്ടിയെങ്കിലും അദ്ദേഹം ബൈറ്റ് നൽകാൻ തയാറായില്ല. മാറിനിൽക്കാനും ആവശ്യപ്പെട്ടു. അതുപ്രകാരം ഞാൻ മാറിനിന്നെങ്കിലും മറ്റ് മാധ്യമപ്രവർത്തകർ അദ്ദേഹത്തിന് നേരെ മൈക്ക് നീട്ടി. പെട്ടെന്നാണ് രാഹുൽ മുന്നോട്ടുവന്ന് താനുൾപ്പെടെയുള്ളവരെ തള്ളിമാറ്റുകയായിരുന്നുവെന്നും അവർ ആരോപിച്ചു. ബിജെപി നേതാക്കൾ ആശുപത്രിയിലെത്തി യുവതിയെ കണ്ടു.
എന്നാൽ യുവതിയുടെ ആരോപണം തള്ളി കോൺഗ്രസ് രംഗത്തെത്തി. ഇത് ബിജെപിയുടെ ഒത്തുകളിയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. യുവതി പറയുന്ന സംഭവങ്ങളിൽ പൊരുത്തക്കേടുണ്ടെന്നാണ് കോൺഗ്രസ് നേതാവ് അൽക ലാംബ എക്‌സിൽ പ്രതികരിച്ചത്. യുവതി പറയുന്നത് രാഹുൽ 4 മണിയോടെ തള്ളിയിട്ടെന്നാണ്. എന്നാലവർ ആശുപത്രിയിൽ പോയത് 8.30 ന് എന്നും പറയുന്നു. അപ്പോൾ തന്നെ കള്ളത്തരം മനസിലാവുമെന്നും കോൺഗ്രസ് നേതാവ് ആരോപിക്കുന്നു.