''രാജ‍്യത്തെ വിദ‍്യാഭ‍്യാസ സമ്പ്രദായം ആർഎസ്എസ് ഏറ്റെടുത്തു, മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ട്''; പ്രതികരിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ‍്യന്തര മന്ത്രി അമിത് ഷാ, വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ രാജിവയ്ക്കണമെന്നാണ് രാഹുൽ ഗാന്ധി ആവശ‍്യപ്പെട്ടിരിക്കുന്നത്
rahul gandhi against centre in neet exam irregularities

രാഹുൽ ഗാന്ധി

Updated on

ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് കോക്റോച്ച് ജനതാ പാർട്ടി(സിജെപി) പാർലമെന്‍റിലേക്ക് നടത്തിയ സമരത്തിന് നേരെയുണ്ടായ പൊലീസ് ആക്രമണത്തിൽ പ്രതികരിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ‍്യന്തര മന്ത്രി അമിത് ഷാ, വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ രാജിവയ്ക്കണമെന്നാണ് രാഹുൽ ഗാന്ധി ആവശ‍്യപ്പെട്ടിരിക്കുന്നത്.

പാർലമെന്‍റ് സമ്മേളനത്തിനു പിന്നാലെ മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ‍്യാഭ‍്യാസ, പരീക്ഷാ സമ്പ്രദായത്തെ പറ്റി ആശങ്കകൾ ഉന്നയിക്കുന്ന വിദ‍്യാർഥികളെ അടിച്ചമർത്താൻ കേന്ദ്രം പൊലീസിനെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിദ‍്യാഭ‍്യാസ സമ്പ്രദായവും പരീക്ഷാ സമ്പ്രദായവും തകർന്നുവെന്ന് ഈ രാജ‍്യത്ത് ഉള്ളവർക്ക് അറിയാം. അത് നിലവിലില്ല. പ്രധാനമന്ത്രി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്. രാഹുൽ ഗാന്ധി ചോദിച്ചു.

പൊലീസ് നടപടി ഇന്ത‍്യാവിരുദ്ധമാണെന്നു പറഞ്ഞ രാഹുൽ ഗാന്ധി ഈ രാജ‍്യത്തെ യുവാക്കൾക്ക് അവസരങ്ങളില്ലെന്ന് കൂട്ടിച്ചേർത്തു. എല്ലാ വാതിലുകളും അടഞ്ഞുവെന്നും പരീക്ഷകൾക്കു വേണ്ടി തുറന്ന വാതിലുകളും നശിപ്പിക്കപ്പെടുന്നുവെന്നും ഇവിടത്തെ വിദ‍്യാർഥികൾ വിദ‍്യാഭ‍്യാസ സമ്പ്രദായത്തെ പറ്റി മാത്രമല്ല അവരുടെ ഭാവിയെക്കുറിച്ചും പരാതിപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ‍്യത്തെ വിദ‍്യാഭ‍്യാസ സമ്പ്രദായം ആർഎസ്എസ് ഏറ്റെടുത്തുവെന്നും വിദ‍്യാർഥികൾക്ക് പകരം വ‍്യവസായികൾക്കാണ് മോദി സർക്കാർ പരിഗണന നൽകുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ഇത് യുവാക്കളുടെ ഭാവിയെ പറ്റിയുള്ളതാണ്.

അവർ അംബാനിയുടെ വിവാഹവും 1000 കോടി രൂപ ചെലവഴിക്കുന്നതും കാണുന്നു. എന്നാൽ സ്വന്തമായി വ‍്യവസായം ആരംഭിക്കാൻ പണമില്ല. ഇത് വിദ‍്യാഭ‍്യാസത്തേക്കാൾ വളരെ വലുതാണ്. ഇതുകൊണ്ടാണ് ഇന്ത‍്യയിൽ തങ്ങൾക്ക് ഭാവിയില്ലെന്ന് വിദ‍്യാർഥികൾ പറയുന്നത്. ആഭ‍്യന്തര മന്ത്രിയും പ്രധാനമന്ത്രിയും ധർമേന്ദ്ര പ്രധാനും രാജി വയ്ക്കണം. രാഹുൽ ഗാന്ധി പറഞ്ഞു.

ഈ വിഷയം പാർലമെന്‍റിൽ ഉന്നയിക്കാൻ പ്രതിപക്ഷ എംപിമാരെ അനുവദിക്കുന്നില്ലെന്നും രാഹുൽ ആരോപിച്ചു. മാധ‍്യമങ്ങളെ കണ്ട ശേഷം കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് ആക്രമണത്തിൽ പരുക്കേറ്റ പ്രതിഷേധക്കാരെ കാണാൻ എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാൽ, സഹോദരിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം രാഹുൽ ഡൽഹിയിലെ റാം മനോഹർ ലോഹ‍്യ ആശുപത്രിയിലെത്തി ചേർന്നു.

logo
Metro Vaartha
www.metrovaartha.com