
file
ന‍്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഗുരുതര ആരോപണങ്ങളുയർത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുമായി ചേർന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും വോട്ടുമോഷണം നടന്നുവെന്നുമാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.
വാർത്താ സമ്മേളനത്തിലൂടെയായിരുന്നു രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചത്. വോട്ട് മോഷണം എന്ന പേരിൽ പ്രസന്‍റേഷൻ കാണിച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ വാർത്താ സമ്മേളനം.
''ചില തെരഞ്ഞെടുപ്പ് ഫലം ഞെട്ടിച്ചു. മഹാരാഷ്ട്രയിൽ അഞ്ചുവർഷത്തിൽ ചേർത്തവരെക്കാൾ കൂടുതൽ അഞ്ചുമാസം കൊണ്ട് ചേർത്തു. ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിൽ സംശയമുണ്ട്.
മഹാരാഷ്ട്രയിൽ 5 മണിക്ക് ശേഷം പോളിങ് നിരക്ക് വർധിച്ചു. വോട്ടർ പട്ടിക നൽകാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ വിസമ്മതിച്ചു. മഹാരാഷ്ട്രയിൽ മാത്രം 40 ലക്ഷം വോട്ടർമാർ എത്തി. സിസിടിവി ദൃശ‍്യങ്ങൾ ലഭിക്കാതിരിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമങ്ങൾ മാറ്റി. 45 ദിവസങ്ങൾ കഴിയുമ്പോൾ സിസിടിവി ദൃശ‍്യങ്ങൾ നശിപ്പിക്കുമെന്ന് കമ്മിഷൻ പറഞ്ഞു. ബിജെപിയുമായി ചേർന്ന് കമ്മിഷൻ വോട്ട് മോഷ്ടിക്കുന്നു.'' രാഹുൽ ഗാന്ധി പറഞ്ഞു.