"പ്രധാനമന്ത്രിക്ക് യമുനാ നദിയുമായി ബന്ധമില്ല, മോദി വോട്ടിനുവേണ്ടി നൃത്തം ചെയ്യാനും തയാറാവും'': രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരേ പരിഹാസവും വിമർശനവുമായി പ്രതിപഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടിനുവേണ്ടി മോദി എന്തും ചെയ്യുമെന്നും ബിഹാറിൽ ആർജെഡിയുമൊത്തുള്ള സംയുക്ത തെരഞ്ഞെടുപ്പ് റാലിക്കിടെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ ഇക്കാര്യങ്ങൾ പറഞ്ഞത്.
വോട്ടിനു പകരമായി നൃത്തം ചെയ്യാൻ പറഞ്ഞാൽ മോദി അതും ചെയ്യും. ഡൽഹിയിലെ മലിനമായ യമുനാ നദിയിൽ ഭക്തർ പ്രാർഥിക്കുമ്പോൾ മോദി പ്രത്യേകമായി നിർമിച്ച നീന്തൽകുളത്തിലാണ് കുളിക്കുന്നത്. ഛാഠ് പുജയെക്കുറിച്ചാണ് രാഹുൽ പരാമർശിച്ചത്. അദ്ദേഹത്തിന് യമുനാ നദിയുമായോ ഛാഠ്പൂജയുമായോ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹത്തിനു വേണ്ടത് വോട്ടുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
നിതീഷ് കുമാറിന്‍റെ പ്രതിച്ഛായ ഉപയോഗിച്ച് ബിജെപി ബിഹാറിനെ നിയന്ത്രിക്കുകയാണ്. 20 കൊല്ലം ബിഹാർ ഭരിച്ചിട്ടും നിതീഷ് കുമാർ പിന്നാക്ക വിഭാഗത്തിനു വേണ്ടി ഒന്നും ചെയ്തില്ലെന്നും രാഹുൽ പരിഹസിച്ചു. മഹാരാഷ്ട്രയിലും ഹരിയാണയിലും അവർ തെരഞ്ഞെടുപ്പുകളിൽ കവർച്ച നടത്തി. ബിഹാറിലും ബിജെപി അതിനായി പരിശ്രമിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെയാണ് നിതീഷിനെയും മോദിയെയും രൂക്ഷമായി വിമർശിച്ച് രാഹുൽ രംഗത്തെത്തിയത്. ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നവംബർ 6 നും രണ്ടാം ഘട്ടം നവംബർ 11 നുമാണ് നടക്കുന്നത്.

