ആർഎസ്എസ് 'പുരുഷാധിപത്യ കൾട്ട്': രാഷ്ട്രീയ കൊടുങ്കാറ്റായി രാഹുൽ ഗാന്ധിയുടെ പരാമർശം

ആർഎസ്എസിനോട് പോരാടുന്നത് ആസ്വദിക്കുന്നുവെന്നും, സംഘത്തിന്‍റെ 'സ്വന്തം' സ്ത്രീകളിൽ പലരും തന്‍റെ കൂടെയാണെന്നും ഗാന്ധി അവകാശപ്പെട്ടു.
ആർഎസ്എസ് 'പുരുഷാധിപത്യ കൾട്ട്': രാഷ്ട്രീയ കൊടുങ്കാറ്റായി രാഹുൽ ഗാന്ധിയുടെ പരാമർശം
Rahul Gandhi

File

Updated on: 

ന്യൂഡൽഹി: രാഷ്ട്രീയ സ്വയംസേവക് സംഘത്തിനെതിരേ (ആർഎസ്എസ്) പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ രൂക്ഷ വിമർശനം വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിവച്ചു. ബിജെപിയിൽനിന്ന് ശക്തമായ തിരിച്ചടിയും ക്ഷണിച്ചുവരുത്തി.

എക്സിൽ പങ്കുവച്ച കുറിപ്പിൽ, ആർഎസ്എസിനെ 'പുരുഷന്മാർ മാത്രമുള്ള ഭരണഘടനാ വിരുദ്ധ കൾട്ട്' എന്നാണ് ഗാന്ധി വിശേഷിപ്പിച്ചത്. സ്ത്രീകളെ പുരുഷന്മാരുടെ സ്വത്തായി സംഘം കരുതുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ആർഎസ്എസിനോട് പോരാടുന്നത് ആസ്വദിക്കുന്നുവെന്നും, സംഘത്തിന്‍റെ 'സ്വന്തം' സ്ത്രീകളിൽ പലരും തന്‍റെ കൂടെയാണെന്നും ഗാന്ധി അവകാശപ്പെട്ടു.

'ശിവ-ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് അവരോടുള്ള പോരാട്ടം എനിക്ക് ഇത്രയും ആനന്ദം നൽകുന്നത്. അവരുടെ 'സ്വന്തം' സ്ത്രീകളിൽ പലരും എന്‍റെ പക്ഷത്താണ് എന്നതാണ് മനോഹരമായ കാര്യം,' ഗാന്ധി എഴുതി.

'വനിതാ വിഭാഗമുണ്ടെന്ന് അറിയില്ലേ': ബിജെപി തിരിച്ചടി

ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരേ ആഞ്ഞടിച്ച മഹാരാഷ്ട്ര ബിജെപി എംഎൽഎ രാം കദം, അദ്ദേഹത്തിന് അറിവില്ലായ്മയാണെന്ന് ആരോപിച്ച് വിമർശിച്ചു. ആർഎസ്എസിന് പ്രവർത്തനക്ഷമമായ ഒരു വനിതാ വിഭാഗമുണ്ടെന്ന് കദം ചൂണ്ടിക്കാട്ടി.

'രാഹുൽ ഗാന്ധി ഇടയ്ക്കിടെ ആർഎസ്എസിനെക്കുറിച്ച് പരാമർശങ്ങൾ നടത്താറുണ്ട്. രാഷ്ട്രീയ ആരോപണങ്ങളിലും പ്രത്യാരോപണങ്ങളിലും രൂക്ഷ വിമർശനങ്ങളിലും ഏർപ്പെടാൻ അദ്ദേഹത്തിന് തീർച്ചയായും അവകാശമുണ്ട്. പക്ഷേ, ശരിയായ പഠനത്തിനു ശേഷം മാത്രമേ അദ്ദേഹം അത് ചെയ്യാവൂ. ആർഎസ്എസിന് ഒരു വനിതാ വിഭാഗം കൂടിയുണ്ടെന്ന് അദ്ദേഹത്തിന് അറിയില്ലേ? രാജ്യമെമ്പാടും ഇത് പ്രവർത്തിക്കുന്നുണ്ട്, പുരുഷന്മാർക്കൊപ്പം തന്നെ പ്രാധാന്യത്തോടെ സ്ത്രീകൾ അതിൽ പ്രവർത്തിക്കുന്നു,' കദം പറഞ്ഞു.

പ്രതിപക്ഷ നേതാവിന് ചേരാത്ത 'കുട്ടിത്ത' പരാമർശങ്ങളാണ് ഇവയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെലങ്കാന ബിജെപി അധ്യക്ഷൻ എൻ. രാംചന്ദർ റാവു, സ്വന്തം പാർട്ടിയിൽ എത്ര സ്ത്രീകൾക്ക് പ്രാധാന്യമുള്ള സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് രാഹുൽ ഗാന്ധിയോട് ചോദിച്ചു.

'തന്‍റെ പാർട്ടി എത്രത്തോളം പുരുഷാധിപത്യമുള്ളതാണെന്ന് രാഹുൽ ഗാന്ധി മറന്നുപോകുന്നതായി തോന്നുന്നു. അവർ ഭരിക്കുന്നിടത്തെല്ലാം, എത്ര വനിതാ മുഖ്യമന്ത്രിമാരുണ്ടെന്ന് അദ്ദേഹം ഉത്തരം പറയട്ടെ. ബിജെപിക്ക് തലസ്ഥാനത്ത് ഒരു വനിതാ മുഖ്യമന്ത്രിയുണ്ട്,' റാവു പറഞ്ഞു.

സ്ത്രീകൾക്കെതിരല്ലെങ്കിൽ, ഡീലിമിറ്റേഷനൊപ്പം 33 ശതമാനം വനിതാ സംവരണത്തെ എന്തുകൊണ്ട് പിന്തുണയ്ക്കുന്നില്ല എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ഇത് തടഞ്ഞതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തുകയും ചെയ്തു.

ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് ജെഎൻയുവിൽനിന്ന് പുറത്താക്കപ്പെട്ട കോൺഗ്രസ് എംപിയുടെ വിഷയത്തിൽ പാർട്ടിയുടെ മൗനത്തെയും ബിജെപി നേതാവ് ചോദ്യം ചെയ്തു. 'ലൈംഗിക പീഡന കേസിൽ ജെഎൻയുവിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെടുകയും സർവീസിൽനിന്ന് നീക്കം ചെയ്യപ്പെടുകയും ചെയ്ത സ്വന്തം എംപിക്കെതിരേ നിങ്ങൾ എന്ത് നടപടിയെടുത്തു? കോൺഗ്രസ് പാർട്ടിയുടെ കാപട്യമാണിത്,' അദ്ദേഹം പറഞ്ഞു.

ലിംഗപരമായ വിഷയത്തിൽ ആർഎസ്എസിനെതിരേ രാഹുൽ ഗാന്ധി പതിവായി ആക്രമണം നടത്താറുണ്ട്. ഓഗസ്റ്റിൽ, പുണെയിൽ തന്‍റെ യുവജന പ്രചാരണ പരിപാടിയായ 'ഛാത്രോം കി ഗൂഞ്ച്' അഭിസംബോധന ചെയ്യവെ, മനുസ്മൃതിയുടെ സ്ത്രീവിരുദ്ധവും പുരുഷാധിപത്യപരവുമായ പഠിപ്പിക്കലുകൾക്കെതിരെ 'സ്മാഷ് ദ പാട്രിയാർക്കി' എന്ന മുദ്രാവാക്യം അദ്ദേഹം ഉയർത്തിയിരുന്നു.

ഇതിനു മറുപടിയായി, ഇന്ത്യൻ ശാസ്ത്രങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ധാരണയെ ബിജെപി ചോദ്യം ചെയ്യുകയും, പുണെയിലെ പരിപാടിയെ 'പിആർ' എന്ന് തള്ളിക്കളയുകയും ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com