

പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജിയാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിട്ടയച്ചു. നേതാക്കളുടെ അറസ്റ്റിനു പിന്നാലെ ബാരകമ്പ സ്റ്റേഷന് മുന്നിൽ വലിയ സംഘർഷം ഉണ്ടായിരുന്നു. കേരള മുഖ്യമന്ത്രി വിഡി സതീശൻ, രേവന്ത് റെഡ്ഡി, കെ സി വേണുഗോപാൽ, ഇടത് എംപിമാർ തുടങ്ങിയവരെ സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞുവെച്ചിരുന്നു. പിന്നീടാണ് സ്റ്റേഷന് അകത്തേക്ക് കയറ്റിവിട്ടത്.
അറസ്റ്റ് ചെയ്ത രാഹുൽ ഗാന്ധിയെ ബാരാക്കമ്പ പൊലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്. അദ്ദേഹത്തെ കാണാൻ എത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനേയും മറ്റ് നേതാക്കളേയും തടയുകയായിരുന്നു. രാഹുലിനെ കാണാൻ അനുവദിച്ചില്ലെങ്കിൽ തങ്ങളെ അറസ്റ്റ് ചെയ്യണമെന്ന് വി.ഡി. സതീശൻ പൊലീസിനോട് പറഞ്ഞു. തുടർന്നാണ് അദ്ദേഹത്തേയും എംപിമാരെയും സ്റ്റേഷനിലേക്ക് കടത്തിവിട്ടത്. ഇത് ചരിത്ര സമരമാണ് എന്നാണ് വി.ഡി. സതീശൻ പറഞ്ഞത്. പ്രതിപക്ഷ സമരത്തിന് കേരളത്തിന്‍റെ പിന്തുണയുണ്ട്. സമരത്തിൽ പങ്കെടുക്കുന്നതിൽ അഭിമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഉച്ചകഴിഞ്ഞ് ആരംഭിച്ച പ്രതിഷേധത്തിനിടെയാണ് രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രാഹുലിനെ ബലമായി വലിച്ചിഴിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു. റോഡിൽ കിടന്നു പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെയും കസ്റ്റഡിയിൽ എടുത്തു. പ്രവർത്തകർ തടഞ്ഞെങ്കിലും പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയേയും പൊലീസ് നീക്കുകയായിരുന്നു. തന്നെ ക്രൂരമായി മർദിച്ചെന്നും എന്തുവന്നാലും പിന്നോട്ടില്ലെന്നുമായിരുന്നു പ്രിയങ്കയുടെ പ്രതികരണം.