
ന്യൂഡൽഹി: ഇസ്രയേൽ ചാര സോഫ്റ്റുവെയറായ പെഗസിസ് ഉപയോഗിച്ച് തന്‍റെ ഫോൺ ചോർത്തിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അടിസ്ഥാന ഘടനയുടെ നേർക്കാണ് ആക്രമണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടണിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് രാഹുലിന്‍റെ പരാമർശം.
പ്രതിപക്ഷനേതാക്കൾ വലിയ സമ്മർദ്ദത്തിലാണ്, ഞങ്ങൾക്ക് ഫോൺപോലും വിളിക്കാനാവാത്ത സ്ഥിതിയാണ് ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നതെന്നും ചാരസോഫ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ നിരീക്ഷിക്കുകയും വിവരങ്ങള്‍ ചോര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും, കരുതലോടെ ഫോണിൽ സംസാരിക്കണമെന്ന് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ വെളിപ്പെടുത്തി.
അതേസമയം, രാഹുലിന്‍റെ വാക്കുകൾക്ക് ഇന്ത്യയിൽ പോലും വിലയില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ പ്രതികരണം. പെഗാസെസ് അന്വേഷണത്തോട് രാഹുല്‍ സഹകരിക്കാത്തതെന്തുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ചോദിച്ചു. രാഹുലിന്‍റെ പ്രഭാഷണം അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ജി20 ഉച്ചകോടിക്കായി ഇന്ത്യ തയ്യാറെടുക്കുന്ന സമയത്താണ് ഇത്തരമൊരു ആരോപണം ഉയർന്നിരിക്കുന്നത് എന്നത് സർക്കാരിനെ സമ്മർദ്ദത്തിലാക്കിയേക്കും.