ട്രംപിന്‍റെ സത്യപ്രതിജ്ഞക്ക് മോദിക്ക് ക്ഷണം കിട്ടാൻ വിദേശകാര്യമന്ത്രി പല തവണ യുഎസിൽ പോയി; രാഹുലിന്‍റെ പ്രസംഗം വിവാദത്തിൽ

രാഹുലിന്‍റെ ആരോപണം തള്ളിയ ജയശങ്കർ ഇത്തരം പ്രസ്താവനകൾ അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യയുടെ വില കളയുമെന്നു വ്യക്തമാക്കി
rahul gandhi controversial comment on s jaishankar us visit
Rahul Gandhi
Updated on

ന്യൂഡല്‍ഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗം വിവാദത്തിൽ. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം ലഭിക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ അമെരിക്കയിലേക്ക് അയച്ചെന്നും ഇന്ത്യയുടെ 4000 ചതുരശ്ര കിലോമീറ്റർ ഭൂമി ചൈന കൈയടക്കിവച്ചിരിക്കുകയാണെന്നുമുള്ള ആരോപണങ്ങളാണ് ഭരണപക്ഷത്തിന്‍റെ വിമർശനത്തിനു വഴിവച്ചത്.

രാഹുലിന്‍റെ ആരോപണം തള്ളിയ ജയശങ്കർ ഇത്തരം പ്രസ്താവനകൾ അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യയുടെ വില കളയുമെന്നു വ്യക്തമാക്കി. രാഹുലിനെതിരേ സഭയുടെ അവകാശലംഘനത്തിനു നോട്ടീസ് നൽകാൻ ബിജെപി നീക്കം തുടങ്ങി. ചൈന ഇന്ത്യയിൽ കടന്നിരിക്കുകയാണെന്ന ആരോപണമുന്നയിച്ച രാഹുലിനെ സഭയിൽ ഉന്നയിക്കുമ്പോൾ തെളിവു വേണമെന്നു സ്പീക്കർ ഓം ബിർള ഓർമിപ്പിച്ചു.

പ്രധാനമന്ത്രിക്കു ക്ഷണം ലഭിക്കാൻ മൂന്നു നാലു തവണയാണു വിദേശകാര്യ മന്ത്രിയെ യുഎസിലേക്ക് അയച്ചതെന്നായിരുന്നു രാഹുലിന്‍റെ ആരോപണം. ഇതായിരുന്നില്ല ചെയ്യേണ്ടത്. നമ്മുക്കൊരു ഉത്പാദന വ്യവസ്ഥയുണ്ടാവുകയും സാങ്കേതിക വിദ്യയിൽ മികവ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നെങ്കിൽ യുഎസ് പ്രസിഡന്‍റ് നേരിട്ട് ഇന്ത്യയിലെത്തി ക്ഷണിക്കുമായിരുന്നെന്നും രാഹുൽ പറഞ്ഞു.

എന്നാൽ, ബൈഡൻ ഭരണകൂടത്തിലെ സുരക്ഷാ ഉപദേഷ്ടാവുമായും സ്റ്റേറ്റ് സെക്രട്ടറിയുമായുമുള്ള കൂടിക്കാഴ്ചയ്ക്കുവേണ്ടിയാണ് താന്‍ പോയതെന്ന് എസ്. ജയശങ്കർ വ്യക്തമാക്കി. രാഹുലിന്‍റേത് രാഷ്‌ട്രീയ പരാമർശമായിരിക്കാം. പക്ഷേ, അത് അന്താരാഷ്‌ട്രതലത്തിൽ രാജ്യത്തിന്‍റെ പ്രതിച്ഛായ നശിപ്പിക്കും. എന്‍റെ സന്ദർശനത്തിൽ പ്രധാനമന്ത്രിയെ ക്ഷണിക്കുന്നത് ചർച്ച ചെയ്തില്ല. പ്രധാനമന്ത്രി ഇത്തരം പരിപാടികളില്‍ പങ്കെടുക്കാറില്ലെന്നത് എല്ലാവർക്കും അറിയാം. പ്രത്യേക പ്രതിനിധികൾ പങ്കെടുക്കുക എന്നതാണ് ഇന്ത്യയുടെ രീതി- ജയശങ്കർ വിശദീകരിച്ചു.

പ്രതിപക്ഷ നേതാവ് രാജ്യത്തിന്‍റെ വിദേശനയവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ നടത്തുന്നതു ശരിയല്ലെന്നു പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com