ന്യൂഡല്‍ഹി: ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അദ്യൂഹങ്ങൾക്കിടെ ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയയും വിനേഷ് ഫോഗട്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരെയും മത്സരിപ്പിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
ഗുസ്തി താരങ്ങളുമൊത്തുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രം കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പുറത്തുവിട്ടു. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം രാഹുല്‍ വിനേഷിന് മുന്‍പില്‍ വച്ചതായാണ് വിവരം. വ്യാഴാഴ്ചയോടെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നാണ് ഹരിയാനയുടെ താത്ക്കാലിക ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബരിയ വ്യക്തമാക്കുന്നത്. 2023ല്‍ മുന്‍ ബിജെപി എംപിയും റസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവനുമായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണത്തില്‍ ബജ്റംഗ് പുനിയയും വിനേഷ് ഫോഗട്ടും പ്രതിഷേധ സമരങ്ങളില്‍ നേതൃനിരയില്‍ ഉണ്ടായിരുന്നു.
ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഒക്ടോബര്‍ അഞ്ചിനും വോട്ടെണല്‍ ഒക്ടോബര്‍ 8നാണ്. 90 ല്‍ 10 സീറ്റ് വേണമെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ നിലപാട്. 7 വരെയാകാമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അതേ സമയം ആംആദ്മി പാര്‍ട്ടിയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചപൂര്‍ത്തിയായാല്‍ ഉടന്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും. ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും സജീവമാകുകയാണ്.