സസ്പെൻസിനു വിരാമം; റായ്ബറേലിയിൽ രാഹുൽ ഗാന്ധിയും അമേഠിയിൽ കിഷോരി ലാൽ ശർമയും മത്സരിക്കും

ഇത്തവണ മത്സരത്തിനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി അറിയിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം
Rahul Gandhi
Rahul Gandhi

ന്യൂഡല്‍ഹി: ആഴ്ചകൾ നീണ്ട സസ്പെൻസുകൾക്ക് ഒടുവിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപനം. സോണിയ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമാണ് റായ്ബറേലി. സോണിയ തെരഞ്ഞെടുപ്പിനു മുൻപു തന്നെ രാജ്യസഭാംഗമായി മാറിയിരുന്നു.

രാഹുൽ കഴിഞ്ഞ വട്ടം പരാജയപ്പെട്ട പഴയ മണ്ഡലമായ അമേഠിയിൽ ഇത്തവണ കിഷോരി ലാല്‍ ശര്‍മ മത്സരിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനാണ് കിഷോരി ലാൽ ശർമ. ഇത്തവണ മത്സരത്തിന് ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറിയിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം.

രണ്ടു മണ്ഡലങ്ങളിലെയും സ്ഥാനാർഥി നിർണയത്തിനായി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ചര്‍ച്ച നടത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ.

അമേഠിയിലെയും റായ്ബറേലിയിലും നാമനിർദേശ ​പത്രിക സമർപ്പിക്കേണ്ട അവസാന തീയതി വെള്ളിയാഴ്ചയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാംഘട്ടമായ മേയ് 20നാണ് രണ്ടിടങ്ങളിലും വോട്ടെടുപ്പ്. തന്‍റെ സിറ്റിങ് സീറ്റായ കേരളത്തിലെ വയനാട്ടിൽ രാഹുൽ നേരത്തെ തന്നെ പത്രിക സമർപ്പിക്കുകയും വോട്ടെടുപ്പ് പൂർത്തിയാകുകയും ചെയ്തിരുന്നു. എന്നാൽ, ഗാന്ധി കുടുംബത്തിന്‍റെ പരമ്പരാഗത മണ്ഡലങ്ങളിൽ ഇക്കുറി ആരൊക്കെ എന്ന കാര്യത്തിലാണ് സസ്പെൻസ് തുടർന്നത്.

വിലുപലമായ റോഡ് ഷോയോടൊപ്പമാവും രാഹുൽ പത്രിക സമർപ്പിക്കാനെത്തുക. 2019ലെ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസ് വിജയിച്ച ഏക ലോക്‌സഭാ സീറ്റാണ് റായ്ബറേലി. അമേഠി ആവട്ടെ കോൺഗ്രെൻ്റെ പ്രധാന മണ്ഡലങ്ങളിലൊന്നായിരുന്നു. 2004, 2009, 2014 എന്നീ വർഷങ്ങളിൽ രാഹുൽ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2019ലെ തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയോട് 55,000 വോട്ടിന് രാഹുൽ ഗാന്ധി പരാജയപ്പെട്ടത് കോൺഗ്രസിന് തിരിച്ചടിയായി. 1977ൽ സഞ്ജയ് ഗാന്ധിയാണ് അമേഠിയിൽ ഇതിനു മുൻപ് പരാജയപ്പെട്ട ഗാന്ധി കുടുംബാംഗം.

ഗാന്ധി കുടുംബത്തിലെ ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ട് ദിവസം മുമ്പ് അമേഠിയില്‍ പ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വയനാട്ടിലെ സിറ്റിങ് മണ്ഡലത്തിന് പുറമെ രാഹുൽ റായ്ബറേലിയിൽ സ്ഥാനാർഥിയാകാനൊരുങ്ങുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി തന്നെയാണ് ഇക്കുറിയും അമേഠിയിലെ ബിജെപി സ്ഥാനാർഥി. ദിനേശ് പ്രതാപ് സിങ് റായ് ബറേലിയിലും മത്സരിക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com