
റായ്പൂർ : ഗൗതം അദാനിയും നരേന്ദ്ര മോദിയും ഒന്നാണെന്ന വിമർശനം ആവർത്തിച്ച് രാഹുൽ ഗാന്ധി. റായപൂരിൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന്‍റെ അവസാനദിനത്തിൽ സംസാരിക്കുമ്പോഴാണു രാഹുൽ പ്രധാനമന്ത്രിക്കെതിരായ വിമർശനം ആവർത്തിച്ചത്.
പാർലമെന്‍റിൽ അദാനിയെക്കുറിച്ചു സംസാരിക്കുമ്പോൾ ഗവൺമെന്‍റിലെ എല്ലാ മന്ത്രിമാരും പ്രതിരോധിക്കുകയാണ്. അദാനിയെ ചോദ്യം ചെയ്യുന്നവർ രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്നു. അദാനിയാണ് ഏറ്റവും വലിയ രാജ്യസ്നേഹിയെന്നു ബിജെപി വിശ്വസിക്കുന്നുണ്ടോ എന്നും രാഹുൽ ഗാന്ധി ചോദിച്ചു. സത്യം പുറത്തു വരുന്നതു വരെ അദാനിയെക്കുറിച്ചുള്ള ചോദ്യങ്ങൾ പാർലമെന്‍റിൽ തുടരുമെന്നും രാഹുൽ വ്യക്തമാക്കി.
ഭാരത് ജോഡോ യാത്രയിലൂടെ നിരവധി കർഷകരുടെ പ്രശ്നങ്ങൾ അറിയാൻ സാധിച്ചു. അനവധി പേർ യാത്രയിൽ ഒപ്പം ചേർന്നിരുന്നു. ജനങ്ങളുടെ സ്നേഹം ഏറ്റുവാങ്ങിക്കൊണ്ടാണ് യാത്ര തുടർന്നത്. ഇന്ത്യയെ മനസിലാക്കാനായിരുന്നു ആ യാത്ര, രാഹുൽ പറഞ്ഞു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് യാത്ര തുടർന്നത്.