ഔദ്യോഗിക വസതി ഒഴിയും; മറുപടി നൽകി രാഹുൽ ഗാന്ധി

2004 മുതൽ താമസിക്കുന്ന തുഗ്ലക് ലൈനിലെ 12-ാം നമ്പർ സർക്കാർ ബംഗ്ലാവാണ് ഒഴിയുന്നത്
ഔദ്യോഗിക വസതി ഒഴിയും; മറുപടി നൽകി രാഹുൽ ഗാന്ധി

ന്യൂഡൽഹി: എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നൽകിയ നോട്ടീസിന് മറുപടികത്ത് നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2004 മുതൽ താമസിക്കുന്ന തുഗ്ലക് ലൈനിലെ 12-ാം നമ്പർ സർക്കാർ ബംഗ്ലാവാണ് ഒഴിയുന്നത്. വസതിയിലേത് സന്തോഷകരമായ ഓർമകളായിരുന്നെന്നും കത്തിൽ രാഹുൽ ഗാന്ധി പറയുന്നു.

ഏപ്രിൽ 23 ന് ഉള്ളിൽ രാഹുൽ ഗാന്ധി താമസിച്ചിരുന്ന ഔദ്യോഗിക വസതി ഒഴിയാനാണ് നിർദേശം. ലോക്സഭ ഹൗസിങ് കമ്മിറ്റിയാണ് നോട്ടീസ് അയച്ചത്. പാർലമെന്‍റ് അംഗത്തിനു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ റദ്ദാക്കുമെന്ന് നേരത്തെ ലോക്സഭ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാവശ്യപ്പട്ട് ഗുജറാത്തിലെ സെഷൻസ് കോടതിയിൽ ഈയാഴ്ച അപ്പീൽ നൽകുമെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

അതേസമയം രാഹുൽ ഗാന്ധിക്ക് ഏർപ്പെടുത്തിയ z പ്ലസ് സുരക്ഷ വെട്ടിക്കുറക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ സ്ഥലത്തേക്ക് താമസം മാറിയാൽ അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്ന സുരക്ഷ സി ആർ പി എഫ് അവലോകനം ചെയ്യുമെന്നും മന്ത്രാലയങ്ങൾ വ്യക്തമാക്കി. പുതിയ വസതിയിലേക്ക് മാറിയാൽ സുരക്ഷ അവലോകനം ചെയ്യാനാണ് സി ആർ പി എഫ് നിശ്ചയിച്ചിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com