ജി20: ഇന്ത്യൻ യാഥാർഥ്യം അതിഥികളിൽ നിന്ന് ഒളിപ്പിക്കേണ്ടതില്ല: രാഹുൽ ഗാന്ധി

കേന്ദ്ര സർക്കാർ ദരിദ്രരെയും തെരുവുമൃഗങ്ങളെയും ഒളിപ്പിക്കുകയാണെന്നും രാഹുൽ ആരോപിച്ചു
രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നടപടികളെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ദരിദ്രരെയും തെരുവുമൃഗങ്ങളെയും ഒളിപ്പിക്കുകയാണ്. ഇന്ത്യയുടെ യാഥാർഥ്യങ്ങൾ അതിഥികളിൽ നിന്ന് ഒളിപ്പിക്കേണ്ടതില്ല എന്നാണ് രാഹുൽ എക്സ് പ്ലാറ്റ് ഫോമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ശനിയാഴ്ചയാണ് ഡൽഹിയിൽ ലോകനേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിക്ക് തുടക്കമായത്. അതിനു മുൻപേ തന്നെ തലസ്ഥാനത്തെ ചേരി പ്രദേശങ്ങൾ സർക്കാർ ഷീറ്റ് കൊണ്ട് മറക്കുന്ന വിഡിയോ കോൺഗ്രസ് പുറത്തു വിട്ടിരുന്നു. മഹാത്മാ ഗാന്ധി സ്മാരകത്തിലേക്കുള്ള ജി 20 പ്രതിനിധികളുടെ സന്ദർശനത്തിന് മുന്നോടിയായി രാജ്ഘട്ടിലും പരിസരങ്ങളിലുമുള്ള കുരങ്ങുകളുടെയും നായ്ക്കളുടെയും ശല്യം തട‍യാൻ ഡൽഹി പൊലീസ് ഏജൻസികളും സഹായം തേടിയിരുന്നു. അതു മാത്രമല്ല തെരുവുനായ്ക്കളെ കഴുത്തിൽ ചങ്ങലയിട്ട് വലിച്ചു കൊണ്ടു പോയി കൂട്ടിലടയ്ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. അതിനു പുറകേയാണ് രാഹുൽ ഗാന്ധിയും വിമർശനവുമായി രംഗത്തെത്തിയത്. കോൺഗ്രസ് നേതാവ് ജയറാം രമേശും വിഷയത്തിൽ സർക്കാരിനെ വിമർശിച്ചിട്ടുണ്ട്. ആഗോളപ്രശ്നങ്ങളെ സഹകരണപരമായ രീതിയിൽ കൈകാര്യം ചെയ്യാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് ജി20 ഉച്ചകോടി. എന്നാൽ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വർധിപ്പിക്കുന്നതിനായി ആയിരക്കണക്കിന് പേരെ ഭവനരഹിതരാക്കുകയും നായ്ക്കളെ വളഞ്ഞു പിടിച്ച് കൂട്ടിലാക്കുകയും ചെയ്യുകയാണെന്നാണ് ജയറാം രമേശ് ആരോപിക്കുന്നത്. ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുർമു ഒരുക്കുന്ന അത്താഴ വിരുന്നിലേക്ക് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയെ ക്ഷണിക്കാഞ്ഞതും വിമർശനത്തിനിടയാക്കിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com