
പാക് ആക്രമണത്തിൽ അനാഥരായ 22 കുട്ടികളെ രാഹുൽ ഗാന്ധി ദത്തെടുക്കും
file image
ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിന്നുള്ള കുട്ടികളെ ദത്തെടുക്കുന്നു. ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന്‍ നടത്തിയ പ്രത്യാക്രമണത്തിൽ മാതാപിതാക്കളെയോ ഉറ്റവരെയോ നഷ്ടപ്പെട്ട 22 ഓളം കുട്ടികളെയാണ് ദത്തെടുക്കുക.
പാക്കിസ്ഥാൻ ഷെല്ലാക്രമണത്തെത്തുടർന്ന് അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം പൂർണമായും രാഹുൽ ഗാന്ധി ഏറ്റെടുക്കുമെന്നും, ബിരുദം പൂർത്തിയാക്കുന്നതുവരെ പിന്തുണ തുടരുമെന്നും ജമ്മു കശ്മീർ കോൺഗ്രസ് മേധാവി താരിഖ് ഹമീദ് കർറയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മേയിൽ പൂഞ്ച് മേഖല സന്ദർശിച്ച രാഹുൽ ഗാന്ധി, പാക്കിസ്ഥാന്‍റെ ആക്രമണത്തിൽ അനാഥരായിപ്പോയ കുട്ടികളെ കണ്ടെത്താൻ പ്രാദേശിക പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ ഭാഗമായി 22 കുട്ടികളെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ഇവരെ ഏറ്റെടുക്കുന്നതായി രാഹുൽ ഗാന്ധി അറിയിച്ചത്.