
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മിഷനെതിരേ നടത്തുന്ന പോരാട്ടത്തിന്‍റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബിഹാറിൽ നടത്തുന്ന വോട്ട് അധികാർ യാത്രയ്ക്ക് ഞായറാഴ്ച തുടക്കം. സസാറമിൽ നിന്ന് തുടങ്ങി 16 ദിവസം നീളുന്ന യാത്ര സെപ്റ്റംബർ ഒന്നിനു പറ്റ്നയിൽ നടക്കുന്ന റാലിയോടെ സമീപിക്കും. 20 ജില്ലകളിലായി 1300 കിലോമീറ്റർ പിന്നിടുന്ന യാത്രയിൽ ആർജെഡി നേതാവ് തേജസ്വി യാദവും ബിഹാറിലെ മഹാസഖ്യത്തിന്‍റെ നേതാക്കളും പങ്കെടുക്കും.
ബിഹാറിൽ തെരഞ്ഞെടുപ്പു കമ്മിഷൻ നടത്തുന്ന പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ), രാഹുൽ തുടർച്ചയായി ഉന്നയിക്കുന്ന "വോട്ട് മോഷണം' തുടങ്ങിയ വിഷയങ്ങളുയർത്തിയാണു ലോക്സഭാ പ്രതിപക്ഷ നേതാവിന്‍റെ യാത്ര. ഒരാൾക്ക് ഒരു വോട്ട് മാത്രം എന്നതിനു വേണ്ടിയാണു പോരാട്ടമെന്നു രാഹുൽ. തെരഞ്ഞെടുപ്പു കമ്മിഷൻ ബിജെപി അവകാശപ്പെടുന്ന ഇരട്ട എൻജിന്‍റെ ഭാഗമായി മാറിയെന്നും രാഹുൽ ആരോപിച്ചു.
അതേസമയം, ഞായറാഴ്ച വൈകിട്ടു മൂന്നു ഡൽഹി നാഷണൽ മീഡിയ സെന്‍ററിൽ പത്ര സമ്മേളനം വിളിച്ചിട്ടുണ്ട് തെരഞ്ഞെടുപ്പു കമ്മിഷൻ. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനല്ലാതെ കമ്മിഷൻ പത്രസമ്മേളനം വിളിച്ചുചേർക്കുന്നത് അസാധാരണമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലും മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ സംബന്ധിച്ചാകും പത്രസമ്മേളനമെന്നാണു കരുതുന്നത്. ആരോപണങ്ങൾ രേഖാമൂലം നൽകാൻ കമ്മിഷൻ നേരത്തേ രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനു തയാറല്ലെന്നാണു രാഹുലിന്‍റെ നിലപാട്. വോട്ടർപട്ടിക തയാറാക്കുന്നത് രാഷ്‌ട്രീയ കക്ഷികളുടെ കൂടി സഹകരണത്തോടെയാണെന്ന് കമ്മിഷൻ വ്യക്തമാക്കിയിരുന്നു.