
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (rahil gandhi) ഔദ്യോഗിക വസതി ഒഴിഞ്ഞു. ലോക്സഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് ഏപ്രിൽ 23 ന് വസതി ഒഴിയണമെന്നായിരുന്നു രാഹുലിന് ലഭിച്ച നോട്ടീസ്. 19 വർഷമായി രാഹുൽ താമസിച്ചു വന്നിരുന്ന തുഗ്ലക്ക് ലെയ്നിലെ ഔദ്യോഗിക വസതിയാണ് ഒഴിഞ്ഞത്.
''ഈ വീട് രാജ്യത്തെ ജനങ്ങൾ തനിക്ക് നൽകിയതായിരുന്നു. സത്യം പറയുന്നത് ഇക്കാലത്ത് തെറ്റാണ്. മോദി സർക്കാരിനെതിരായ പോരാട്ടം തുടരും. തന്നെ ഇതൊന്നും കൊണ്ട് തളർത്താൻ കഴിയില്ല'' എന്നും അദ്ദേഹം പറഞ്ഞു.
പ്രിയങ്ക ഗാന്ധിക്കും സോണിയ ഗാന്ധിക്കുമൊപ്പമായിരുന്നു രാഹുലിന്‍റെ മടക്കം. സെൻട്രൽ ഡൽഹിയിലെ ജൻപഥിലുള്ള സോണിയ ഗാന്ധിയുടെ വസതിയിലേക്കാണ് രാഹുൽ മാറുന്നതെന്നാണ് വിവരം. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും സ്ഥലത്തെത്തിയിരുന്നു. ഇതൊന്നും കൊണ്ട് രാഹുലിനെ തളർത്താനാവില്ലെന്നും അയോഗ്യനാക്കിയ നടപടിക്കെതിരെ നിയമപരമായ പോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.