

രാഹുൽ ഗാന്ധി
file image
സുൽത്താൻപുര്‍: അപകീർത്തിക്കേസിൽ കോടതിയിൽ ഹാജരാകാൻ പോകുന്നതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. വാഹനവ്യൂഹത്തിലെ ഏതാനും വാഹനങ്ങൾ ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. രാഹുൽ ഗാന്ധി സുരക്ഷിതനാണെന്നാണ് വിവരം. ഉത്തർപ്രദേശിലെ പൂർവാഞ്ചൽ അതിവേഗ പാതയിൽ തിങ്കളാഴ്ച രാവിലെ 10.15നാണ് സംഭവം.
ലഖ്നൗവിൽ നിന്ന് സുൽത്താൻപൂരിലേക്ക് പോവുകയായിരുന്നു രാഹുൽ ഗാന്ധി. സംഭവം ഗുരുതരമല്ലെന്നും യാത്ര ഉടൻ പുനരാരംഭിച്ചെന്നും പൊലീസ് അറിയിച്ചു. സുരക്ഷയ്ക്കായി പൊലീസ് വാഹനങ്ങളും വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്നു. അതേസമയം രാഹുലിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർക്കും ഒപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകർക്കും പരുക്കേറ്റുവെന്നാണ് വിവരം. അപകീർത്തിക്കേസിലെ നടപടികൾക്കായി രാവിലെ 11.15ന് സുൽത്താൻപൂരിലെ കോടതിയിൽ ഹാജരാകാനാണ് രാഹുൽ ഗാന്ധി എത്തിയത്.
2018ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവിൽ നടന്ന റാലിയിൽ അന്നത്തെ ബിജെപി അധ്യക്ഷൻ അമിത് ഷായ്‌ക്കെതിരേ രാഹുൽ ഗാന്ധി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പരാമർശങ്ങളാണ് കേസിന് ആധാരം.