
ന്യൂഡൽഹി: മൊബൈൽ ഫോണും ഇമെയിൽ ഐടിയും ചോർന്ന സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹാക്കിങ്ങുമായി ബന്ധപ്പെട്ട് ആപ്പിൽ കമ്പനിയിൽ നിന്നും ലഭിച്ച സന്ദേശത്തിന്‍റെ പകർപ്പ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും സന്ദേശം ഉറക്കെ വായിക്കുകയും ചെയ്തു.
ഫോൺ ചോർന്ന വിവരം ആപ്പിൾ സ്ഥിരീകരിച്ചെന്നും ഇത് കേന്ദ്രം മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. അദാനിക്കു വേണ്ടിയാണ് സർക്കാർ ഇതെല്ലാം ചെയ്യുന്നതെന്നും രാഹുൽ ആരോപിച്ചു. എത്ര വേണമെങ്കിലും നിങ്ങൾ ചോർത്തിക്കൊള്ളു, ഞങ്ങൾക്ക് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒന്നാമത് അദാനിയാണ്, രണ്ടാമത് മോദി, മൂന്നാം സ്ഥാനം അമിത് ഷായ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ജീവനക്കാർ, അഖിലേഷ് യാഥവ്, ശശി തരൂർ, പ്രിയങ്ക ചതുർവേദി, പവൻ ഖേര, കെ.സി. വേണുഗോപാൽ, സീതാറാം യെച്ചൂരി, മഹുവ മൊയ്ത്ര തുടങ്ങിയവരുടെ ഫോണുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. തുടർന്ന് മഹുവ മൊയ്ത്രയും ശശി തരൂരുമടക്കം ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.