രാഹുലിനും പ്രിയങ്കയ്ക്കും വേണ്ട? അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസിനു മൗനം

അമേഠിയിൽ കഴിഞ്ഞ തവണ രാഹുൽ, ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയോടു പരാജയപ്പെട്ടിരുന്നു. റായ്ബറേലി നിലനിർത്തിയ സോണിയ ഗാന്ധി ഇത്തവണ രാജ്യസഭയിലേക്കു മാറി
പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും.
പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും.File photo

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാലാംഘട്ടം സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചിട്ടും അമേഠി, റായ്ബറേലി മണ്ഡലങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കാനാവാതെ കോൺഗ്രസ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്‌രയും മത്സരിക്കാൻ വിസമ്മതിക്കുന്നതാണ് കോൺഗ്രസ് നേതൃത്വത്തെ കുഴക്കുന്നത്. നെഹ്റു- ഗാന്ധി കുടുംബത്തിന്‍റെ തട്ടകമായി കരുതുന്ന അമേഠിയിൽ കഴിഞ്ഞ തവണ രാഹുൽ, ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയോടു പരാജയപ്പെട്ടിരുന്നു. റായ്ബറേലി നിലനിർത്തിയ സോണിയ ഗാന്ധി ഇത്തവണ രാജ്യസഭയിലേക്കു മാറി.

പത്തു വർഷമായി അമേഠിയിൽ സ്ഥിരം സാന്നിധ്യമാണ് സ്മൃതി ഇറാനി. അവരെ നേരിടണമെങ്കിൽ കൂടുതൽ സമയം അമേഠിയിൽ ചെലവഴിക്കേണ്ടിവരുമെന്നതാണ് മണ്ഡലത്തോട് മുഖംതിരിക്കാൻ രാഹുലിനെ പ്രേരിപ്പിക്കുന്നത്. യുപിയിൽ കോൺഗ്രസിന്‍റെ സംഘടന ദുർബലമാണെന്നതും അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെത്തുടർന്നുള്ള തരംഗം യുപിയിൽ വീശിയേക്കുമെന്നതും രാഹുലിന്‍റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. വയനാട്ടിൽ അട്ടിമറി സാധ്യതയില്ലാത്തതിനാൽ ദേശീയ തലത്തിൽ പ്രചാരണത്തിനു കൂടുതൽ സമയം ലഭിക്കുമെന്നു രാഹുൽ പറയുന്നു.

അയോധ്യ തന്നെയാണ് പ്രിയങ്കയെയും പിന്നോട്ടുവലിക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും പ്രചാരണ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു താത്പര്യമെന്നും പ്രിയങ്ക പറയുന്നു.

എന്നാൽ, രാഹുലും പ്രിയങ്കയും മത്സരിക്കുന്നത് ഉത്തർപ്രദേശിലും ഉത്തരേന്ത്യയിലാകെയും കോൺഗ്രസിന് ആത്മവിശ്വാസം നൽകുമെന്നാണു യുപിസിസി നേതാവും വാരാണസിയിലെ സ്ഥാനാർഥിയുമായ അജയ് റായിയുടെ അഭിപ്രായം. ഇരുവരും യുപിയിൽ മത്സരിക്കാൻ തയാറാകുമെന്ന പ്രതീക്ഷ അവസാനിച്ചിട്ടില്ലെന്നും റായി പറയുന്നു. അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ കോൺഗ്രസ് പ്രവർത്തകരും രാഹുലിനും പ്രിയങ്കയ്ക്കും വേണ്ടി കാത്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നാലാംഘട്ടമായി 46 സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്.

അടുത്തിടെ പാർട്ടിയിൽ തിരിച്ചെത്തിയ ചൗധരി ലാൽ സിങ് ഉദ്ധംപുർ സീറ്റിലും ബിഎസ്‌പിയിൽ നിന്നു കോൺഗ്രസിലെത്തിയ ഡാനിഷ് അലി അമ്രോഹയിലും മത്സരിക്കും. തമിഴ്‌നാട്ടിൽ സിറ്റിങ് എംപിമാരായ എം.കെ. വിഷ്‌ണു പ്രസാദ്, കാർത്തി ചിദംബരം, മാണിക്യം ടഗോർ, വിജയ് വസന്ത്‌, എസ്. ജ്യോതിമണി എന്നിവർക്കു വീണ്ടും സീറ്റ് നൽകി. മധ്യപ്രദേശിലെ രാജ്ഗഡിൽ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ് മത്സരിക്കും.

Trending

No stories found.

Latest News

No stories found.