

Raihan,Aviva Baig
ന്യൂഡൽഹി: കോൺഗ്രസ് ദേശീയ നേതാവ് പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വദ്രയുടെയും മകൻ റെയ്ഹാന്‍റെ വിവാഹനിശ്ചയം കഴിഞ്ഞു. ഡിസംബർ 29നായിരുന്നു വിവാഹ നിശ്ചയം നടന്നതെന്നാണ് വിവരം. രാജസ്ഥാനിലെ രന്തംബോറിലെ സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയ ചിത്രങ്ങൾ റെയ്ഹാൻ തന്നെയാണ് പുറത്തുവിട്ടത്. റെയ്ഹാൻ ഒരു ഷെർവാണിയും അവീവ സാരിയുമാണ് ധരിച്ചിരിക്കുന്നത്. കൂടാതെ ഇരുവരും 3 വയസ് മുതൽ ബാല്യകാല സുഹൃത്താണെന്നും, അതിന്‍റെ ഫോട്ടോയും റെയ്ഹാൻ പങ്കുവെച്ചിട്ടുണ്ട്. 7 വർഷമായി റെയ്ഹാനും അവീവയും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം.
ഇരുകുടുംബങ്ങളുടെയും സാന്നിധ്യത്തിൽ കഴിഞ്ഞ ആഴ്ചയാണ് റെയ്ഹാൻ അവീവയോട് വിവാഹാഭ്യർഥന നടത്തിയത്. ഡൽഹി സ്വദേശിയായ അവീവയുടെ പിതാവ് ഇമ്രാൻ ബെയ്ഗ് ഒരു ബിസിനസുകാരനാണ്. ഇന്‍റരിയർ ഡിസൈനറാണ് അമ്മ നന്ദിത ബെയ്ഗ്. പ്രിയങ്ക ഗാന്ധിയുടെ ദീർഘകാല സുഹൃത്ത് കൂടിയാണ് നന്ദിതയെന്നാണ് വിവരം.
ഡെറാഡൂണിൽ നിന്ന് സ്കൂൾ പഠനം പൂർത്തിയാക്കിയ റെയ്ഹാൻ ലണ്ടനിൽ നിന്നാണ് ഓറിയന്‍റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ പഠനം പൂർത്തിയാക്കിയത്. ഫോട്ടോഗ്രാഫറും പ്രൊഡ്യൂസറുമാണ് അവിവാ. പത്താം വയസ്സ് മുതൽ ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ള വിഷ്വൽ ആർട്ടിസ്റ്റാണ് റെയ്ഹാൻ. വന്യജീവി, നഗരം, കൊമേഴ്സ്യൽ ഫോട്ടോഗ്രാഫി എന്നിവയാണ് റെയ്ഹാന്‍റെ പോർട്ട്‌ഫോളിയോയിലെ പ്രധാന വിഷയങ്ങള്‍. ഒപിജിൻഡാൽ ഗ്ലോബൽ സർവകലാശാലയിൽ നിന്നാണ് അവിവാ മീഡിയ കമ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദം നേടിയത്. മുൻ ദേശീയ ഫുട്ബോൾ താരം കൂടിയാണ് അവിവാ.