റൈഹാൻ വാദ്ര വിവാദം; ഇന്ത്യയുടെ ആഗോള പ്രതിച്ഛായയ്ക്ക് തിരിച്ചടിയെന്ന് ശശി തരൂർ

ബിക്കാനീർ ഹൗസിൽ റൈഹാൻ വാദ്രയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി നിഷേധിച്ചതിനെ വിമർശിച്ച തരൂർ, സെൻസർഷിപ്പ് ഇന്ത്യയുടെ ആഗോള പ്രതിച്ഛായയുടെ ശവപ്പെട്ടിയിൽ മറ്റൊരു ആണികൂടി അടിച്ചിരിക്കുകയാണെന്ന് കുറിച്ചു
Shashi Tharoor

ശശി തരൂർ

file

Updated on: 

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വാദ്രയുടെ ഫോട്ടോ പ്രദർശനവുമായി ബന്ധപ്പെട്ട വിവാദം സ്വാതന്ത്ര്യത്തെ വിലമതിക്കുന്ന ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ ആഗോള പ്രതിച്ഛായയ്ക്ക് വീണ്ടും തിരിച്ചടിയായെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ബിക്കാനീർ ഹൗസിൽ റൈഹാൻ വാദ്രയുടെ ചില ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി നിഷേധിച്ച നടപടിയെ വിമർശിച്ച തരൂർ, ഈ സെൻസർഷിപ്പ് ഇന്ത്യയുടെ ആഗോള പ്രതിച്ഛായയുടെ ശവപ്പെട്ടിയിൽ മറ്റൊരു ആണികൂടി അടിച്ചിരിക്കുകയാണെന്ന് എക്സിൽ കുറിച്ചു.

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വാദ്രയുടെയും മകനും ഫോട്ടോഗ്രാഫറും ദൃശ്യകലാകാരനുമായ റൈഹാൻ വാദ്രയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് തടഞ്ഞ ബിക്കാനീർ ഹൗസ് ഭരണസമിതിയുടെ നടപടി പല തലങ്ങളിൽ അപമാനകരമാണെന്ന് തരൂർ പറഞ്ഞു.

പൊതുജനങ്ങളുടെ ഓർമയിൽ പതിഞ്ഞ സംഭവങ്ങളാണ് ചിത്രങ്ങളിൽ പലതും അവതരിപ്പിച്ചിരുന്നത്. മാധ്യമങ്ങളിലും ഓൺലൈനിലും ഇതിനകം കണ്ടിട്ടുള്ള സമാന ചിത്രങ്ങളായിരുന്നു അവയിൽ പലതുമെന്നും തരൂർ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ നിലപാടുകളെ എതിർക്കുന്ന നയം സ്വീകരിക്കാൻ ബിക്കാനീർ ഹൗസിന് സ്വാതന്ത്ര്യമുണ്ടെങ്കിലും പ്രതിഷേധ പ്രകടനത്തിന്‍റെ ചിത്രങ്ങൾ ഒരു സംഭവത്തിന്‍റെ ദൃശ്യാവിഷ്കാരമാണെന്നും അവ സ്വതവേ രാഷ്ട്രീയ നിലപാടുകളല്ലെന്നും തരൂർ പറഞ്ഞു. അഭിപ്രായപ്രകടന സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമായി കോടതിയിലെത്തിയിരുന്നെങ്കിൽ ഈ ചിത്രങ്ങൾക്ക് അനുമതി ലഭിക്കുമായിരുന്നുവെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.

പ്രദർശനവുമായി ബന്ധപ്പെട്ട വിവാദത്തിന് ലഭിച്ച പ്രചാരണം, തടസങ്ങളില്ലാതെ പ്രദർശനം നടന്നിരുന്നെങ്കിൽ ലഭിക്കുമായിരുന്നതിനേക്കാൾ വലിയ പ്രേക്ഷകശ്രദ്ധ ഡൽഹിയിലും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലും നേടിക്കൊടുത്തെന്നും തരൂർ പറഞ്ഞു. റൈഹാൻ വദ്രയുടെ ഫോട്ടോഗ്രാഫിക് മികവിനും കരിയറിനും അർഹമായ ഉത്തേജനം നൽകിയതിന് അതിരുകടന്ന് ഇടപെട്ട ഉദ്യോഗസ്ഥരോട് നന്ദിയുണ്ടെന്നും തരൂർ പരിഹസിച്ചു.

logo
Metro Vaartha
www.metrovaartha.com