രാജ് ഭവന്‍റെ പേര് മാറ്റുന്നു, ഇനി ലോക് ഭവൻ

രാജ് ഭവനുകളെ കൂടുതല്‍ ജനകീയമാക്കി സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ സാന്നിധ്യം ശക്തമാക്കാനാണ് എന്‍ഡിഎ സര്‍ക്കാറിന്‍റെ ലക്ഷ്യം

തിരുവനന്തപുരം: ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവന്‍റെ പേരു മാറുന്നു. ഇനി ലോക് ഭവനായി അറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് പേരുമാറ്റം. 'ജനങ്ങളുടെ ഭവനം' എന്ന അര്‍ഥം വരുന്നതിനാലാണ് ലോക് ഭവന്‍ എന്ന പേര് സ്വീകരിച്ചത്.

രാജ് ഭവനുകളെ കൂടുതല്‍ ജനകീയമാക്കി സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ സാന്നിധ്യം ശക്തമാക്കാനാണ് എന്‍ഡിഎ സര്‍ക്കാറിന്‍റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം രാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ് രാജ് ഭവനുകളുടെ പേര് ലോക് ഭവന്‍ എന്നാക്കണമെന്ന് നിര്‍ദേശിച്ചത്.

കേരളത്തോടൊപ്പം അസം, ബംഗാള്‍ രാജ് ഭവനുകളുടെ പേര് മാറ്റിക്കൊണ്ടുള്ള വിജ്ഞാപനവും പുറത്തിറക്കി. അസാം ഗവര്‍ണര്‍ ലക്ഷ്മണ്‍പ്രസാദ് ആചാര്യ വെള്ളിയാഴ്ചയും ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ശനിയാഴ്ചയുമാണ് പേര് മാറ്റത്തിനായുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്.

കൊളോണിയല്‍ സ്വാധീനമുള്ള പേരാണു രാജ് ഭവന്‍ എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ പേര് മാറ്റം. ബിജെപി അനുഭാവികളായ ഗവര്‍ണര്‍മാര്‍ ഇതിനകംതന്നെ രാജ് ഭവന്‍ കേന്ദ്രീകരിച്ച് ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന തരത്തിലുള്ള ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

ഗവര്‍ണറുടെ വസതികള്‍ക്ക് പുറമെ, ലഫ്റ്റനന്‍റ് ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതിയായ രാജ്നിവാസിന്‍റെ പേര് "ലോക്നിവാസ് ' എന്നും മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലും ഈ പേരു മാറ്റം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com