രാജസ്ഥാൻ കോൺഗ്രസിൽ സമവായം: ഒന്നിച്ച് നീങ്ങുമെന്ന് ഗെഹ്‌ലോത്തും സച്ചിനും

സച്ചിൻ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് രാഹുൽ ​ഗാന്ധി ഉറപ്പു നൽകിയതായാണ് റിപ്പോർട്ടുകൾ
രാജസ്ഥാൻ കോൺഗ്രസിൽ സമവായം: ഒന്നിച്ച് നീങ്ങുമെന്ന് ഗെഹ്‌ലോത്തും സച്ചിനും
Updated on

ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിൽ ഭിന്നതകൾ മറന്ന് ഒന്നിച്ചു നീങ്ങാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്‌ലോത്തും സച്ചിൻ പൈലറ്റും തമ്മിൽ ധാരണയായി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നീങ്ങാനാണ് ധാരണ. രാജസ്ഥാനിൽ പുകഞ്ഞിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി തിങ്കളാഴ്ച്ച ഹൈക്കമാന്‍ഡിന്‍റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകൾ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് സമവായം.

മുഖ്യമന്ത്രി അശോക് ​ഗെഹ്‌ലോത്ത്, സച്ചിന്‍ പൈലറ്റ്, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മുതിർന്ന നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടിലെത്തിയാണ് ചർച്ച നടത്തിയത്.

സച്ചിൻ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് രാഹുൽ ​ഗാന്ധി ഉറപ്പു നൽകിയതായാണ് റിപ്പോർട്ടുകൾ. അച്ചടക്ക ലംഘനങ്ങൾ ഉണ്ടാകരുതെന്നും ഹൈക്കമാൻഡ് ഇരു നേതാക്കൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബിജെപി നേതാവ് വസുന്ധര രാജെയെച്ചൊല്ലിയാണ് രാജസ്ഥാൻ കോൺഗ്രസിൽ ഏറ്റവുമൊടുവിൽ ഭിന്നതകൾ ഉടലെടുത്തത്. വസുന്ധര നയിച്ച ബിജെപി സർക്കാരിന്‍റെ കാലത്തെ അഴിമതികൾ അന്വേഷിക്കാൻ ഗെഹ്‌ലോത്ത് സർക്കാർ തയാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിൻ പൈലറ്റ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ചോദ്യ പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ രാജസ്ഥാൻ പിഎസ്‌സി പുനഃസംഘടിപ്പിക്കുക, ഉദ്യോഗാർഥികൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയവയായിരുന്നു സച്ചിന്‍റെ മറ്റ് ആവശ്യങ്ങൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com