
രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 20 പേർ വെന്തു മരിച്ച സംഭവം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം
ജയ്പൂർ: രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ 20 മരണം. ജോദ്ധ്പുരിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. എസി സ്ലീപ്പർ ബസിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. 19 പേർ ബസിൽ വച്ച് തന്നെ വെന്ത് മരിച്ചു. ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. 57 പേരാണ് ബസിലുണ്ടായിരുന്നത്.
നിരവധി കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ ബസിന്‍റെ ഫ്രെയിമിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്നും അവ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.
ബസിന്‍റെ പിന്നിൽ നിന്ന് വലിയ സ്ഫോടന ശബ്ദം കേട്ടതായും ഗ്യാസും ഡീസലും ചേർന്ന് വലിയ തീപിടുത്തമുണ്ടായതായി രക്ഷപെട്ട ഒരാൾ പറഞ്ഞു. ഒരു വാതിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് യാത്രക്കാരെ കുടുക്കി. മുൻവശത്ത് ഇരുന്നവർ രക്ഷപ്പെട്ടു.
പുറത്തെടുക്കാൻ കഴിയുന്ന മൃതദേഹങ്ങൾ സൈന്യം കണ്ടെടുത്തു, പക്ഷേ ചില യാത്രക്കാർ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞിരിക്കുകയാണെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.
ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.