
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്
File image
ന്യൂഡൽഹി: അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഒരു സർവാധികാരിക്ക് ഇന്ത്യയുടെ വളർച്ച ഇഷ്ടപ്പെടുന്നില്ലെന്നും ഒരു ശക്തിക്കും ഇന്ത്യയുടെ വളർച്ചയെ തടയാനാവില്ലെന്നും ഞായറാഴ്ച രാജ്നാഥ് സിങ് പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ ഉത്പന്നങ്ങൾക്ക് വില ഉയർത്താനാണ് ചിലർ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
''സബ്കെ ബോസ് തോ ഹം ഹേ (എല്ലാവരുടെയും സർവാധികാരിയാണ് ഞാൻ) പിന്നെങ്ങനെയാണ് ഇന്ത്യ ഇത്ര വേഗത്തിൽ മുന്നേറുന്നത്?'' - ട്രംപിനെ പരിഹസിച്ച് രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യയിൽ നിർമിക്കുന്ന ഉത്പന്നങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ അവയ്ക്ക് വിലക്കൂട്ടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യം തദ്ദേശിയമായ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നതെന്നും അത് ഒപ്പറേഷന്‍റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചെന്നും രാജ്നാഥ് സിങ് പറഞ്ഞു. പ്രതിരോധ രംഗത്ത് സ്വയം പര്യാപ്തത നേടുമെന്ന് പ്രതിജ്ഞയെടുത്തതുകൊണ്ട് മാത്രമാണ് ഇന്ത്യയ്ക്ക് ഈ നിലയിലേക്ക് എത്താൻ സാധിച്ചത്. മുൻപ് വിമാനങ്ങൾക്കും ആയുധങ്ങൾക്കും ആവശ്യം വരുമ്പോൾ ഇന്ത്യ മറ്റ് രാജ്യങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാൽ ഇന്ന് അവയെല്ലാം ഇന്ത്യ തന്നെ നിർമിച്ചുവെന്നും മാത്രമല്ല, മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.