

''സിന്ധ് ഇന്ന് ഇന്ത്യക്കൊപ്പമല്ല. എന്നാൽ, അതിർത്തികൾ മാറാം'', രാജ്നാഥ് സിങ്
MV Graphics
ന്യൂഡൽഹി: അതിർത്തികൾ മാറാമെന്നും സിന്ധ് ഇന്ത്യക്കു തിരിച്ചുകിട്ടാമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. എൽ.കെ. അഡ്വാനിയെപ്പോലുള്ള നേതാക്കളുടെ തലമുറ മുതൽ സിന്ധി ഹിന്ദുക്കൾ ഒരിക്കലും ഇന്ത്യയിൽ നിന്നുള്ള വിഭജനം അംഗീകരിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിന്ധ് മാത്രമല്ല, സിന്ധു നദിയും ഇന്ത്യയ്ക്കും ഹിന്ദുക്കൾക്കും പവിത്രമാണെന്ന് അഡ്വാനി എഴുതിയിട്ടുണ്ട്. സിന്ധു നദിയിലെ ജലം മക്കയിലെ സംസം വെള്ളത്തെപ്പോലെ പാവനമായി കാണുന്നവരാണു സിന്ധിലെ മുസ്‌ലിംകളെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും രാജ്നാഥ്. ഡൽഹിയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിന്ധ് ഇന്ന് ഇന്ത്യക്കൊപ്പമല്ല. എന്നാൽ, അതിർത്തികൾ മാറാം. സിന്ധ് ഇന്ത്യയിലേക്കു മടങ്ങിവരാം. സിന്ധിലെ ജനങ്ങളും സിന്ധു നദിയും നമ്മുടേതാണ്. ഇപ്പോൾ എവിടെയാണെന്നത് പ്രശ്നമല്ല- രാജ്നാഥ് പറഞ്ഞു.
1947ലാണ് സിന്ധ് പ്രവിശ്യ പാക്കിസ്ഥാനിൽ ചേർത്തത്. ഇവിടെ ജീവിച്ചിരുന്ന സിന്ധി സമൂഹം ഇന്ത്യയിലേക്കു കുടിയേറുകയും ചെയ്തു.
നേരത്തേ, പാക് അധീന കശ്മീരും ഇന്ത്യയോടു ചേർക്കപ്പെടുമെന്നു രാജ്നാഥ് സിങ് പറഞ്ഞിരുന്നു. ഇതിന് അവിടത്തെ ജനങ്ങൾ തന്നെ മുൻകൈയെടുക്കുമെന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.