
128 vs 95; വഖഫ് ബില്‍ രാജ്യസഭയിലും പാസായി
file image
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. 13 മണിക്കൂറിലേറെ നേരത്തെ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.10ഓടെയായിരുന്നു രാജ്യസഭയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. 128 പേര്‍ ബില്ലിനെ അനുകൂലിച്ചും 95 എംപിമാര്‍ ബില്ലിനെ എതിര്‍ത്തും വോട്ടു ചെയ്തു.
വഖഫ് ഭേദഗതി ബില്‍ വ്യാഴാഴ്ച ലോക്‌സഭയും അംഗീകരിച്ചിരുന്നു. ഇതോടെ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ബില്ലിനു അംഗീകാരം ലഭിച്ചു. ഇനി രാഷ്‌ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ബിൽ നിയമമായി മാറും. രാഷ്‌ട്രപതി അംഗീകാരം നൽകുന്നതോടെ നിയമത്തിന്‍റെ പേര് 'ഉമീദ് ബിൽ' (ഏകീകൃത വഖഫ് മാനേജ്മെന്‍റ്, എംപവർമെന്‍റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്‍റ് ആക്‌ട് 1995) എന്നായി മാറും.
അതേസമയം, ബിൽ രാജ്യസഭയിലും കടന്നതോടെ മുനമ്പത്ത് സമരക്കാരുടെ വലിയ ആഹ്ളാദ പ്രകടനങ്ങളാണ് ഉണ്ടായത്. പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയും സമരക്കാർ ആഘോഷമാക്കി. ഇതോടൊപ്പം, കേന്ദ്രം സർക്കാരിനെ പിന്തുണച്ച് സമരം ചെയ്യുന്നവർ പ്രകടനം നടത്തി.