ram gopal yadav says against ayodhya ram temple
ram gopal yadav

അയോധ്യയിലെ രാമക്ഷേത്രം "ഒന്നിനും കൊള്ളാത്തത്", വിമർശനക്കുരുക്കിലായി സമാജ്‌വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവ്

വാസ്തു പ്രകാരമല്ല അയോധ്യ ക്ഷേത്രത്തിന്‍റെ നിർമാണമെന്നും രാംഗോപാൽ യാദവ് പറഞ്ഞു

ലക്നൗ: അയോധ്യയിലെ രാമക്ഷേത്രം "ഒന്നിനും കൊള്ളാത്തതെന്ന്' സമാജ്‌വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവ്. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് എസ്പിയെ വിമർശനക്കുരുക്കിലാക്കിയ പരാമർശം. എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാക്കൾ അയോധ്യയിലെ ക്ഷേത്രത്തിൽ പോകാത്തതെന്ന ചോദ്യത്തിന് ഞങ്ങളെല്ലാവരും ദിവസവും ശ്രീരാമനെ പ്രാർഥിക്കുന്നുണ്ടെന്നു മറുപടി നൽകിയ രാംഗോപാൽ യാദവ് അയോധ്യ ക്ഷേത്രത്തിൽ പോകുന്നുണ്ടോ എന്ന ചോദ്യത്തിനാണ് ആ ക്ഷേത്രം "ഒന്നിനും കൊള്ളാത്തതാണെന്ന്' പരിഹസിച്ചത്.

ഇങ്ങനെയാണോ ക്ഷേത്രം നിർമിക്കുന്നത്. തെക്കു മുതൽ വടക്കുവരെയുള്ള പഴയ ക്ഷേത്രങ്ങൾ നോക്കൂ. അവയൊന്നും ഇങ്ങനെയല്ല നിർമിച്ചിരിക്കുന്നത്. വാസ്തു പ്രകാരമല്ല അയോധ്യ ക്ഷേത്രത്തിന്‍റെ നിർമാണമെന്നും രാംഗോപാൽ യാദവ് പറഞ്ഞു.

എസ്പിയും കോൺഗ്രസുമുൾപ്പെടെ "ഇന്ത്യ' മുന്നണി കക്ഷികളുടെ യഥാർഥ ചിന്തയാണ് ഇതു വെളിപ്പെടുത്തുന്നതെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താൻ ഇവർ ഇന്ത്യക്കാരുടെ വിശ്വാസത്തെ നിന്ദിക്കുകയാണ്. ഇത്തരം നിന്ദ നടത്തുന്നവർക്ക് നാശം മാത്രമേ ഉണ്ടാകൂ എന്നാണ് ചരിത്രം തെളിയിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.