
ബാബാ രാംദേവ്
ന്യൂഡൽഹി: റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നീക്കത്തിനെതിരേ രൂക്ഷ വിമർശനവുമായി യോഗ ഗുരു ബാബാ രാംദേവ്. ട്രംപിന്‍റെ ഈ നടപടിയെ രാഷ്ട്രീയ ഭീഷണിയാണെന്നും ഗുണ്ടായിസപരമാണെന്നും സ്വേച്ഛാധിപത്യമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
പെപ്സി, കൊക്കകോള, സബ്‌വേ, കെഎഫ്‌സി, മക്‌ഡോണൾഡ്‌സ് എന്നീ അമെരിക്കൻ ഉത്പന്നങ്ങൾ എല്ലാ ഇന്ത്യക്കാരും ഉപേക്ഷിക്കണമെന്നും ഇത്രയും വലിയ ബഹിഷ്‌കരണം ഉണ്ടായാൽ അമെരിക്ക കുഴപ്പത്തിലാവുമെന്നും രാംദേവ് പറഞ്ഞു. ട്രംപ് തന്നെ ഈ താരിഫുകൾ പിൻവലിക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് അമെരിക്കയിൽ പണപ്പെരുപ്പം വർദ്ധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
അമെരിക്ക ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 50 ശതമാനം താരിഫിനെ ഇന്ത്യൻ പൗരന്മാർ ശക്തമായി എതിർക്കണം. അമെരിക്കൻ കമ്പനികളെയും ബ്രാൻഡുകളെയും പൂർണമായും ബഹിഷ്കരിക്കണം. തന്‍റെ നടപടി മണ്ടത്തരമായി പോയി എന്ന് അദ്ദേഹത്തിന് തന്നെ തോന്നണമെന്നും രാംദേവ് പറഞ്ഞു.