Ratan Tata's last rites to perform state honours
Ratan Tata

രാജ്യത്തിന്‍റെ ആദരാഞ്ജലി; ഔദ്യോഗിക ബഹുമതികളോടെ രത്തൻ ടാറ്റയുടെ സംസ്‌കാരം വൈകിട്ട്

സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ
Published on

മുംബൈ: ഇന്ത്യയുടെ അഭിമാനമായ പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ സംസ്കാരം വ്യാഴാഴ്ച ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. രത്തൻ ടാറ്റയുടെ ഭൗതികദേഹം മുംബൈ കൊളാബയിലെ വീട്ടിലെത്തിച്ചു. രാവിലെ 10 മണിയോടെ മുംബൈ എന്‍സിപി ഓഡിറ്റോറിയത്തില്‍ എത്തിക്കുന്ന മൃതദേഹം വൈകുന്നേരം 3 വരെ പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം വൈകീട്ട് 4ന് മൃതദേഹം സംസ്‌കാരത്തിനായി വോർളി ശ്മശാനത്തിലേക്ക് കൊണ്ടുപോകും.

കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. അതേസമയം, രത്തൻ ടാറ്റയുടെ നിര്യാണത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും ഉണ്ടാകില്ല. വ്യാഴാഴ്ച നടക്കാനിരുന്ന സംസ്ഥാന സർക്കാരിന്‍റെ എല്ലാ പരിപാടികളും റദ്ദാക്കി. വിലാപ സൂചകമായി മഹാരാഷ്ട്രയിലെ സർക്കാർ ഓഫീസുകളിൽ ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.

തിങ്കളാഴ്ച അദ്ദേഹം വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയതു മുതൽ ആരോഗ്യ നിലയെക്കുറിച്ച് പല തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, വാർധക്യസഹജമായ പ്രശ്നങ്ങൾ മാത്രമാണുള്ളതെന്നും, സാധാരണ പരിശോധനകൾക്കു മാത്രമായാണ് ആശുപത്രിയിൽ പോയതെന്നും അദ്ദേഹം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ബുധനാഴ്ച രാത്രി വൈകി മരണ വാർത്ത ടാറ്റാ ഗ്രൂപ്പ് പുറത്തുവിട്ടിരിക്കുന്നത്.

രക്തസമ്മർദം അസാധാരണമായി കുറഞ്ഞതിനെത്തുടർന്നാണ് അദ്ദേഹത്തെ മുംബൈയിലുള്ള ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചത്. ആരോഗ്യ നില വഷളായതോടെ തീവ്ര പരിചരണ വിഭാഗത്തിലേക്കു (ICU) മാറ്റി. എന്നാൽ, ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

logo
Metro Vaartha
www.metrovaartha.com