

ചെന്നൈ: തമിഴ്‌നാട്ടിൽ ചെന്നൈ ഉൾപ്പടെ വിവിധ മേഖലകളിൽ കനത്ത മഴ. ഞായറാഴ്ച അർധരാത്രി ആരംഭിച്ച മഴ തിങ്കളാഴ്ചയും ശക്തമായി തന്നെ തുടരുകയാണ്. ചെന്നൈയിൽ 27 വർഷത്തിനിയെ പെയ്ത റെക്കോർഡ് മഴയാണിത്. അടുത്ത അഞ്ച് ദിവസം കൂടി മഴ പെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
1997ന് ശേഷം തമിഴ്നാട്ടിൽ ജൂണിൽ ഇത്ര ശക്തമായി മഴ പെയ്യുന്നത് ആദ്യമായാണ്. തുടർന്ന് പലയിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈയിൽ ഇറങ്ങേണ്ട പത്തോളം വിമാനങ്ങൾ ബംഗളൂരു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു. ചെന്നൈയിൽ നിന്നു പുറപ്പെടേണ്ട പല വിമാനങ്ങളും മഴയെ കാരണം വൈകുകയാണ്. അതിനാൽ തന്നെ വിമാനങ്ങൾ എപ്പോൾ പുറപ്പെടുമെന്ന കാര്യം വ്യക്തമല്ല.
ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് പെയ്യുന്നത്. ചെന്നൈയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിൽ 140 മി.ലി മഴ പെയ്തു. ചെന്നൈയിലെ മീനാക്ഷിപുരത്ത് തിങ്കളാഴ്ച പുലർച്ചെ 5.30 മുതൽ 13.7 സെ. മീ മഴയാണ് പെയ്തത്.
കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയാണ്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്റ്റർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.