

ഉമർ നബി, ചെങ്കോട്ട സ്ഫോടനത്തിന്‍റെ ദൃശ‍്യങ്ങൾ
ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപത്ത് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ മുഖ‍്യപ്രതിയായ ഉമർ നബി ആദ‍്യം ലക്ഷ‍്യം വച്ചിരുന്നത് ഡൽഹിയിലെ ചാന്ദിനി ചൗക്കിലുള്ള ലാൽ മന്ദിർ ജൈന ക്ഷേത്രമായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസിയായ എൻഎഐ.
കേസിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര‍്യം വിശദമായി പറയുന്നത്. എന്നാൽ ഗതാഗതക്കുരുക്കും ക്ഷേത്രത്തിനടുത്തുള്ള പൊലീസിന്‍റെ സാന്നിധ‍്യവും കണക്കിലെടുത്ത് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
സ്ഫോടനം നടക്കുന്നതിന് 13 മിനിറ്റുകൾക്ക് മുൻപ് ഉമർ നബി ലാൽ മന്ദിറിന് സമീപം വാഹനം പാർക്ക് ചെയ്തതായി സിസിടിവി ദൃശ‍്യങ്ങളിൽ പതിഞ്ഞിരുന്നു. പിന്നീട് ചെങ്കോട്ടയിലെ നാലാം നമ്പർ ഗേറ്റിലേക്ക് വാഹനമോടിച്ച് പോകുകയും അവിടെ വച്ച് കാർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനം നടക്കുന്നതിന് തലേ ദിവസം വരെ ഉമർ നബി നൂഹിലെ ഒരു വാടക വീട്ടിൽ 11 ദിവസം തങ്ങിയിരുന്നതായുമാണ് ദൃക്സാക്ഷി പറയുന്നത്. ഇവിടെ വച്ചാണ് ഇയാൾ സ്ഫോടക വസ്തുക്കൾ നിർമിച്ചതെന്നാണ് വിവരം.
നബിയുടെയും കേസിലെ മറ്റൊരു പ്രതിയായ ഷഹീൻ സയീദിന്‍റെയും പെൻഡ്രൈവുകളിൽ നിന്നും കണ്ടെടുത്ത പിഡിഎഫുകളിൽ യൂറിയ നൈട്രേറ്റ് ഉപയോഗിച്ച് സ്ഫോടക വസ്തുക്കൾ നിർമിക്കുന്ന രീതി പരാമർശിച്ചിട്ടുണ്ടെന്നാണ് കുറ്റപത്രത്തിൽ വ‍്യക്തമാക്കിയിട്ടുള്ളത്.
ഇതുകൂടാതെ മൂത്രത്തിൽ നിന്നും യൂറിയ വേർതിരിച്ചെടുക്കുന്നതിനുള്ള മറ്റൊരു ബദൽ മാർഗവും രേഖകളിൽ പരാമർശിച്ചിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. ഉമർ നബിയുടെ താമസസ്ഥലത്തെ മുറിയിൽ മൂത്രം നിറച്ച ഒരു പോളിത്തീൻ കവർ കണ്ടെത്തിയിരുന്നുവെന്ന് സമീപവാസിയായ സ്ത്രീ മൊഴി നൽകിയിരുന്നുവെന്ന് എൻഐഎ പറയുന്നു.
മുറിയിൽ നിന്നും ദുർഗന്ധം വമിച്ചതിനാൽ ഉമർ നബിയുടെ സുഹൃത്തിനോട് ഇതുമായി ബന്ധപ്പെട്ട് സ്ത്രീ പരാതി പറഞ്ഞതായും എൻഐഎ പറഞ്ഞു. നുഹിൽ താമസിക്കുന്ന സമയത്ത് ഷൊയ്ബിന്‍റെ ബന്ധുവിനൊപ്പം പുതിയ വസ്ത്രങ്ങൾ വാങ്ങാൻ ഉമർ നബി പോയിരുന്നതായും ടി ഷർട്ട്, വെള്ള ഷർട്ട്, കാർഗോ പാന്‍റ്സ് എന്നിവ ഉമർ നബി പണം നൽകി വാങ്ങിയിരുന്നതായും എൻഐഎ കണ്ടെത്തിയിരുന്നു.
2023 നും 2025 നും ഇടയിൽ നബി 12 തവണ ചെങ്കോട്ട സന്ദർശിച്ചതായി എൻഐഎ നേരത്തെ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിന് ആറുമാസം മുൻപ് കൃത‍്യമായി പറഞ്ഞാൽ മേയ് 1നാണ് നബി അവസാനമായി ചെങ്കോട്ട സന്ദർശിച്ചത്. മൊബൈൽ ഫോണുകൾ ഓഫ് ചെയ്തുകൊണ്ടായിരുന്നു നബിയുടെയും സംഘത്തിന്‍റെയും സന്ദർശനങ്ങൾ.