ചെങ്കോട്ട ഭീകരാക്രമണ കേസ്: പാക് ഭീകരൻ മുഹമ്മദ് ആരിഫിന്‍റെ ദയാഹർജി രാഷ്‌ട്രപതി തള്ളി

2000 ജനുവരി 22നായിരുന്നു ചെങ്കോട്ടയിൽ രജപുത്താന റൈഫിൾസിലെ മൂന്നു ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ ഭീകരാക്രമണം
ചെങ്കോട്ട ഭീകരാക്രമണ കേസ്: പാക് ഭീകരൻ മുഹമ്മദ് ആരിഫിന്‍റെ ദയാഹർജി രാഷ്‌ട്രപതി തള്ളി
Updated on

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണക്കേസിൽ അറസ്റ്റിലായ പാക് ഭീകരൻ മുഹമ്മദ് ആരിഫിന്‍റെ (അഷ്ഫാഖ്) ദയാഹർജി രാഷ്‌ട്രപതി ദ്രൗപദി മുർമു തള്ളി. ദ്രൗപദി മുർമു രാഷ്‌ട്രപതിയായശേഷം തള്ളുന്ന രണ്ടാമത്തെ ദയാഹർജിയാണിത്. 2022 നവംബർ മൂന്നിന് വധശിക്ഷയ്ക്കെതിരേ ആരിഫ് നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.

2000 ജനുവരി 22നായിരുന്നു ചെങ്കോട്ടയിൽ രജപുത്താന റൈഫിൾസിലെ മൂന്നു ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ ഭീകരാക്രമണം. ഏതാനും ദിവസങ്ങൾക്കുശേഷമാണ് ലഷ്കർ ഇ തൊയ്ബ ഭീകരനായ ആരിഫിനെ ഡൽഹി പൊലീസ് പിടികൂടിയത്. ഇയാളുടെ കൂട്ടാളികളായ അബു സഹദ്, അബു ബിലാൽ, അബു ഹൈദർ എന്നിവരെ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ കൊലപ്പെടുത്തി.

1999ൽ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ ആരിഫ്, ശ്രീനഗറിലുള്ള മറ്റു രണ്ടു പേരുമായി ഗൂഢാലോചന നടത്തിയാണ് ചെങ്കോട്ട ആക്രമിച്ചതെന്നു വിചാരണക്കോടതി കണ്ടെത്തിയിരുന്നു. 2005ൽ വിചാരണക്കോടതി വിധിച്ച വധശിക്ഷ 2007ൽ ഡൽഹി ഹൈക്കോടതി ശരിവച്ചു. ആരിഫ് സുപ്രീം കോടതിയെ സമീപിച്ചതോടെ ശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോയി. ദീർഘകാലമായി തടവിലാണെന്ന കാരണം ചൂണ്ടിക്കാട്ടി വധശിക്ഷ റദ്ദാക്കാൻ ഇയാൾക്ക് ഇനിയും സുപ്രീം കോടതിയെ സമീപിക്കാനാകുമെന്ന് നിയമവിദഗ്ധർ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com